‘ഹാള്‍ ടിക്കറ്റ് വാങ്ങാൻ പോയ ജോളി തിരിച്ചുവന്നില്ല’, 40 വര്‍ഷം മുൻപ് നടന്ന കൊലപാതകത്തെക്കുറിച്ച് ജോളിയുടെ അമ്മ
മലയാളികളുടെ പ്രിയതാരമായി ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. കേരളത്തില്‍ 40 വർഷം മുൻപ് നടന്ന, കോട്ടയം ചിങ്ങവനത്തുള്ള പതിനെട്ട് വയസ്സുകാരിയായ ജോളിയെ ബഥനി ആശ്രമത്തില്‍ അച്ചനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് കൊല്ലപ്പെട്ട ജോളിയുടെ അമ്മയുടെ ഒരു വീഡിയോ ആണ്.
read also: പുടിന്റെ കടുത്ത വിമര്‍ശകനായ റഷ്യന്‍ പ്രതിപക്ഷ നേതാവ് നവാല്‍നി ജയിലില്‍ മരിച്ചു
‘എനിക്ക് അഞ്ച് മക്കളാണ്, ഒരാണും നാല് പെണ്ണുങ്ങളും. ഏറ്റവും ഇളയവളായിരുന്നു ജോളി. പഠിക്കാൻ നല്ല മിടുക്കിയായിരുന്നു. അന്ന് അവള്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഉമ്മറത്ത് കിടക്കുന്ന പത്രം കാണിച്ചുകൊണ്ട് പറഞ്ഞത് ഇപ്പോഴും എനിക്ക് മറക്കാൻ പറ്റത്തില്ല. അന്ന് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് മേടിക്കാൻ വേണ്ടി പോയതാ, അന്ന് ഇവിടെ വീടിന് മുമ്പില്‍ അരമതിലില്‍ കിടക്കുന്ന പത്രമെടുത്ത് അതില്‍ വന്നേക്കുന്ന പിള്ളേരുടെ പടം കാണിച്ച് ഞാൻ ജയിക്കുമ്പോഴും ഇത് പോലെ വരും അമ്മേ എന്ന് പറഞ്ഞിട്ടാണ് അവള്‍ പോയത്. അന്ന് കോളജില്‍ പോയി വരുമ്പോഴാ സംഭവം. പോസ്റ്റ്‍മോട്ടം കഴിഞ്ഞ് ഇവിടെ കൊണ്ടുവന്ന് കാണിച്ചു. സഹിക്കാൻ കഴിഞ്ഞില്ല. എന്‍റെ അനിയൻ താഴത്തെ വീട്ടില്‍ താമസിക്കുന്നുണ്ട്. മന്ദിരം കവലയില്‍ നിന്ന് അവൻ വരുമ്പോള്‍ ഈ രവിയച്ചൻ വഴിയിലൂടെ നാട്ടിലേക്ക് പോകുന്നത് കണ്ടതാണ്. ജോളിയെ കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ലെന്നും വല്ല വിവരം കിട്ടുവാണെങ്കില്‍ അറിയിക്കണെന്നും അന്ന് അവൻ അച്ചനോട് പറഞ്ഞു. അന്ന് അച്ചന്‍റെ ബാഗില്‍ ജോളിയുടെ ഹാള്‍ ടിക്കറ്റും കുടയും പേനയുമൊക്കെയുണ്ടായിരുന്നു. അതൊക്കെ പോകുന്ന വഴിക്ക് ഒരു ആറ്റില്‍ എറിഞ്ഞു കളയുകയായിരുന്നു’- അമ്മ പറയുന്നു.
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും രണ്ട് പെണ്‍കുട്ടികളുടെ കൊലപാതകങ്ങളെ മുൻനിർത്തിയുള്ള കഥാഗതിയാണ്. സിനിമയിലെ ആദ്യ ഭാഗത്ത് പരാമർശിക്കുന്ന ലൗലി മാത്തൻ വധക്കേസിലാണ് 1984-ല്‍ കേരളത്തെ ഞെട്ടിച്ച ജോളി വധക്കേസുമായി ബന്ധമുള്ളത്.