കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ യുഎസിൽ, സൈനികരുമായി കൂടിക്കാഴ്ച നടത്തി


ന്യൂഡൽഹി: ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ യുഎസിലെ സൈനിക ആസ്ഥാനം സന്ദർശിച്ചു. സൈനിക ആസ്ഥാനത്തെത്തിയ അദ്ദേഹം യുഎസിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. സ്ട്രൈക്കർ യൂണിറ്റ്, മൾട്ടി ഡോമെയ്ൻ ടാസ്ക് ഫോഴ്സ്, സ്പെഷ്യൽ ഫോഴ്സ് ഗ്രൂപ്പ് എന്നീ ഉദ്യോഗസ്ഥരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ദൃഢമാക്കുക എന്നതാണ് യുഎസ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.

പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിൽ ശക്തമായ ബന്ധം വളർത്തുന്നതിനും സന്ദർശനം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വരും ദിവസങ്ങളിൽ യുഎസിലെ ഉദ്യോഗസ്ഥരുമായി പ്രതിരോധ മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയും, അവർ നേരിടുന്ന ഭീഷണികളെയും കുറിച്ച് ചർച്ച സംഘടിപ്പിക്കുന്നതാണ്. കൂടാതെ, സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും ആഗോള വെല്ലുവിളികളെ കുറിച്ചും യുഎസിലെ മുതിർന്ന സൈനികരുമായി ചർച്ചകൾ നടത്തും.