ഇടപാടുകൾ നിർത്താൻ പേടിഎമ്മിന് സാവകാശം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മാർച്ച് 15 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. നേരത്തെ ഫെബ്രുവരി 29ന് ഇടപാടുകൾ നിർത്തലാക്കാലാണ് ആർബിഐ നിർദ്ദേശിച്ചിരുന്നത്. വ്യാപാരികൾക്കും മറ്റു ഉപഭോക്താക്കൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് ആർബിഐയുടെ പുതിയ തീരുമാനം. ഇതോടെ, ഇടപാടുകൾ നിർത്താൻ 15 ദിവസത്തെ സാവകാശം കൂടി പേടിഎമ്മിന് ലഭിക്കുന്നതാണ്. നിലവിലുള്ള പണമിടപാടുകളിൽ നിന്നും മാറി, മറ്റു ക്രമീകരണം ഒരുക്കാനാണ് സമയം നീട്ടി നൽകിയത്.
മാർച്ച് 15നു ശേഷം പേടിഎം ബാങ്കിന്‍റെ അക്കൗണ്ടുകൾ, വാലറ്റ്, ഫാസ്ടാഗ്, നാഷണൽ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നത് ആർബിഐ വിലക്കിയിട്ടുണ്ട്. അതേസമയം, മാർച്ച് 15-ന് ശേഷം വാലറ്റിലുള്ള തുക കഴിയും വരെ ഉപയോഗിക്കാമെന്നും ആർബിഐ വ്യക്തമാക്കി. ഉപഭോക്താക്കളുടെ സംശയ നിവാരണത്തിനായി പ്രത്യേക ചോദ്യോത്തരങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. പേടിഎമ്മിനെതിരെ കുരുക്ക് മുറുകിയ സാഹചര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് ഇഡി അന്വേഷണം.