ചെങ്കടലിലെ ആക്രമണ ഭീഷണിക്കും ആഗോള സാമ്പത്തിക മാന്ദ്യ സൂചനകൾക്കും മുൻപിൽ മുട്ടുകുത്താതെ ഇന്ത്യ. ചെങ്കടലിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഇന്ത്യയുടെ ചരക്ക് കയറ്റുമതിയിൽ ഇക്കുറിയും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ചരക്ക് കയറ്റുമതിയിൽ 3.12 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ആകെ ചരക്ക് കയറ്റുമതി 36.92 ബില്യൺ ഡോളറിലെത്തി.
ഇലക്ട്രോണിക്സ്, എൻജിനീയറിംഗ് ഗുഡ്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലാണ് കയറ്റുമതി മുന്നിട്ടുനിൽക്കുന്നത്. 2023-24 ഏപ്രിൽ ജനുവരിയുള്ള കാലയളവിൽ കയറ്റുമതി 353.92 ഡോളറിലെത്തി. ഈ കാലയളവിലെ വ്യാപാര കമ്മി 207.20 ഡോളറായി കുറഞ്ഞിട്ടുണ്ട്. അതേസമയം, ജനുവരിയിൽ ഇറക്കുമതി 2.99 ശതമാനം വർദ്ധിച്ച് 54.41 ബില്യൺ ഡോളറിലെത്തി. ചെങ്കടലിൽ ഹൂദികളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ മുന്നേറ്റം.