പൂജിച്ചതും അല്ലാത്തതും പല നിറത്തിലുമുള്ള ചരടുകള്‍ പലരും കയ്യില്‍ കെട്ടാറുണ്ട്. ഇത്തരം ചരടുകള്‍ കെട്ടുന്നതിനു പിന്നിലെ വിശ്വാസത്തെക്കുറിച്ച് അറിയാം. ചരട് ജപിച്ചുകെട്ടിയാൽ ദൃഷ്ടിദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം.
ആരാധനാലയങ്ങളിൽ നിറഞ്ഞു നിൽക്കുന്നതു പോസിറ്റീവ് എനർജിയാണ്. അതുകൊണ്ടാണ് ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ നമ്മള്‍ വളരെയധികം സമാധാനം അറിയുന്നത്. ക്ഷേത്രത്തിലെ ഉത്തമനായ കർമ്മി മന്ത്രോച്ചാരണത്തിലൂടെ ജപിച്ചു തരുന്ന ചരടിൽ ശക്തിയും ചൈതന്യവും ഉണ്ടെന്നാണ് ജ്യോതിഷ പ്രമാണവും വിശ്വാസവും. ജപിച്ച ചരട് കെട്ടുന്നതിലൂടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഭയപ്പെടാതെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയുകയും ചെയ്യുന്നുവെന്ന് അനുഭവസ്ഥരായ ഭക്തര്‍ പറയുന്നു.
ഇത് കൂടാതെ പല നിറത്തിലുള്ള ചരടുകള്‍ ലഭിക്കാറുണ്ട്. കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി, രാഹു പ്രീതികരമാണ്. ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷം നീങ്ങും. ദൃഷ്ടി ദോഷം മാറാൻ കറുത്ത ചരട് ജപിച്ചു കെട്ടുന്നത് ഉത്തമമാണ്. കുഞ്ഞുങ്ങളുടെ ഇരുപത്തെട്ടു കെട്ടിന് കറുത്ത ചരടിൽ പഞ്ചലോഹങ്ങൾ ചേർത്താണ് അരയിൽ കെട്ടുന്നത്. അത് എന്തിനാണെന്ന് അറിയാമോ? കറുത്ത ചരടിൽ നിന്നും പഞ്ചലോഹത്തിൽ നിന്നുമുള്ള എനർജി കുഞ്ഞിനെ ചുറ്റുപാടിൽ നിന്നുള്ള നെഗറ്റീവ് ഊർജത്തിൽ നിന്ന് സംരക്ഷിക്കുന്നു.
കറുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത് ചുവപ്പ് നിറത്തിലുള്ള ചരടുകളാണ്. നവഗ്രഹങ്ങളിലൊന്നായ ചൊവ്വയ്ക്ക് പ്രീതികരമായ നിറമാണ് ചുവപ്പ്. ദേവീ ക്ഷേത്രങ്ങളിൽ നിന്ന് ചുവന്നു ചരട് ജപിച്ച് കെട്ടുന്നത് ശത്രുദോഷം നീങ്ങാൻ ഉത്തമമാണ് . ബാധാദോഷം നീങ്ങാനും ചുവന്ന ചരട് കെട്ടാറുണ്ട് .