ബന്ധുവീട്ടിലെത്തിയ 13-കാരി കാല്‍തെറ്റി പുഴയില്‍ വീണു: ദാരുണാന്ത്യം



തൃശ്ശൂർ: പുഴ കാണാനെത്തി അബദ്ധത്തിൽ കാൽതെറ്റി വീണ പതിമൂന്നുകാരി മരിച്ചു. കല്ലേറ്റുംകര ചെമ്പോത്ത് പറമ്പിൽ ഹാഷിം – അജി ദമ്പതിമാരുടെ മകൾ ഫാത്തിമ തസ്നീം ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കൊടകര മറ്റത്തൂർകുന്നിലെ ബന്ധുവീട്ടിൽ ഞായറാഴ്ച രാവിലെ എത്തിയതായിരുന്നു കുടുംബം. ഇതിനിടെ പുഴ കാണാനായി പുഴക്കരയിലെത്തി. എന്നാൽ, അബദ്ധത്തിൽ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.

അ​ഗ്നിരക്ഷാസേന എത്തുന്നതിനുമുമ്പേ നാട്ടുകാർ കുട്ടിയെ മുങ്ങിയെടുത്ത് കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പോലീസ് സഹായത്തോടെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഗവൺമെന്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ് ഹാഷിം കെ.എസ്.ഇ.ബിയിൽ ഓവർസിയറാണ്. സംസ്കാരം പിന്നീട്.