കോഴിക്കോട്: കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണെന്നും വിദേശത്തേക്ക് പോയവരെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം അവകാശവാദമുയർത്തി. പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണം. രാജ്യത്തെ 200 മികച്ച കോളജുകളിൽ 41 എണ്ണം കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് വിദ്യാര്‍ഥികളുമായുള്ള നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളുടെ ആശയങ്ങൾ അതുപോലെ നടപ്പാക്കാനായെന്നുവരില്ല, പ്രായോഗികമാവണമെന്നില്ല. പക്ഷേ മനസ്സിലുള്ള ആശയം പങ്കുവെക്കാം. അവ ഗൗരവമായി പരിഗണിക്കപ്പെടും. വിദേശത്തുപോയ വിദ്യാർഥികളെ തിരിച്ചെത്തിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി പ്രത്യേക പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. ഭാവിയെ മുൻനിർത്തിയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയവയ്ക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടത്.
യുവാക്കൾ അറിവിന്റെ രാഷ്ട്രീയം മനസ്സിലാക്കണം. പുതിയ കാലത്ത് തൊഴിൽ നേടിയാൽ പോര തൊഴിൽ ദാതാക്കളാകണം. കേരളത്തിന് ഗവേഷണ രംഗത്ത് വേണ്ടത്ര മികവ് പുലർത്താനാകുന്നില്ല. അതെന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടായിരം വിദ്യാർഥികൾ പങ്കെടുക്കുന്ന മുഖാമുഖത്തിൽ 60 പേരാണ് മുഖ്യമന്ത്രിയുമായി സംവദിക്കുന്നത്.