ചണ്ഡിഗഢില്‍ വീണ്ടും അട്ടിമറി: മേയര്‍ രാജിവെച്ചു, മൂന്ന് ആംആദ്മി അംഗങ്ങള്‍ ബി.ജെ.പിയില്‍



ന്യൂഡല്‍ഹി: അട്ടിമറിയിലൂടെ ചണ്ഡിഗഢ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം മനോജ് സോങ്കർ സ്ഥാനം രാജിവെച്ചു. മേയർ തെരഞ്ഞെടുപ്പിനെതിരായ ഹരജി തിങ്കളാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് രാജി. അതേസമയം, ഭരണം തിരിച്ചുപിടിക്കാനുള്ള കരുനീക്കവുമായി ബി.ജെ.പി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.

മൂന്ന് എ.എ.പി കൗണ്‍സിലർമാർ ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. ഇവർ ബി.ജെ.പിയില്‍ ചേർന്നതായി ‘റിപ്പബ്ലിക് ടി.വി’ റിപ്പോർട്ട് ചെയ്തു. ഇതോടെ ബി.ജെ.പിയുടെ അംഗബലം 17 ആകും. ശിരോമണി അകാലിദളിന്റെയും എം.പിയുടെയും വോട്ട് കൂടി ചേരുന്നതോടെ അധികാരം പിടിക്കാനുമാകും.

മേയർ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ബാലറ്റ് പേപ്പറില്‍ ക്രമക്കേട് നടത്തിയ പ്രിസൈഡിങ് ഓഫിസർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന്‍റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്ന് പറഞ്ഞ സുപ്രീംകോടതി, തെരഞ്ഞെടുപ്പിന്‍റെ എല്ലാ രേഖകളും കൈമാറണമെന്നും നിർദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ചണ്ഡിഗഢില്‍ വീണ്ടും മേയർ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ആം ആദ്മി കൗണ്‍സിലർ കുല്‍ദീപ് കുമാർ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ഉത്തരവിന് വിസമ്മതിച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പില്‍ ഏവരെയും അമ്പരപ്പിച്ചാണ് ബി.ജെ.പി ജയം നേടിയത്. അംഗബലം നോക്കുമ്പോള്‍ ‘ഇൻഡ്യ’ സഖ്യം അനായാസം ജയിക്കേണ്ടതായിരുന്നു. ‘ഇൻഡ്യ’ സഖ്യത്തിന്റെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസർ അനില്‍ മസീഹ് ‘അസാധു’വായി പ്രഖ്യാപിച്ചതാണ് നിർണായകമായത്.

35 അംഗ കോർപറേഷനില്‍ ബി.ജെ.പിക്ക് 14ഉം എ.എ.പിക്ക് 13ഉം കോണ്‍ഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗണ്‍സിലർമാരാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്. എന്നാല്‍, എ.എ.പിയുടെ കുല്‍ദീപ് കുമാറിനെ തോല്‍പിച്ച്‌ ബി.ജെ.പിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോള്‍ കുല്‍ദീപ് കുമാറിന് ലഭിച്ചത് 12 ആണ്. വോട്ടെണ്ണുമ്പോള്‍ പ്രിസൈഡിങ് ഓഫിസർ ചില അടയാളങ്ങളിട്ട് കൃത്രിമം നടത്തിയെന്നാണ് വിഡിയോ പങ്കുവെച്ച്‌ എ.എ.പി ആരോപിച്ചിരുന്നത്. തുടർന്ന് ഹൈകോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഉടനടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഇതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.