തുടർച്ചയായ അഞ്ചാം നാളിലും നേട്ടമെഴുതി ഇന്ത്യൻ ഓഹരി സൂചികകൾ, അറിയാം ഇന്നത്തെ നിലവാരം


തുടർച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയിൽ തിളങ്ങി ആഭ്യന്തര സൂചികകൾ. ഊർജ്ജം, ഫാർമ, ധനകാര്യം, ഓട്ടോ ഓഹരികൾ കുതിച്ചുയർന്നതോടെയാണ് ആഭ്യന്തര സൂചികകൾ ഇന്ന് നേട്ടം കുറിച്ചത്. ആദ്യഘട്ടത്തിൽ ചാഞ്ചാട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരുന്നതെങ്കിലും പിന്നീട് മുന്നേറ്റത്തിന്റെ പാതയിലേക്ക് നീങ്ങുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 281 പോയിന്റ് നേട്ടത്തിൽ 72,881-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി 81 പോയിന്റ് നേട്ടത്തിൽ 22,122-ൽ വ്യാപാരം പൂർത്തിയാക്കി.

നിഫ്റ്റി 50-ൽ ഇന്ന് 27 ഓഹരികൾ നേട്ടത്തിലും, 23 ഓഹരികൾ നഷ്ടത്തിലുമാണ്. അതേസമയം, ബിഎസ്ഇയിൽ വ്യാപാരം ചെയ്ത 4,102 ഓഹരികളിൽ 2,362 എണ്ണം നേട്ടത്തിലും, 1,604 എണ്ണം നഷ്ടത്തിലുമായിരുന്നു. 136 ഓഹരികളുടെ വില മാറിയില്ല. പോളിസിബസാർ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. കൂടാതെ, തുടർച്ചയായ തിരിച്ചടികൾക്കൊടുവിൽ പേടിഎം ഓഹരികളും ഇന്ന് കത്തിക്കയറി. ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, സൺ ഫാർമ, മാരുതി സുസുക്കി തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് നേട്ടം കുറിച്ചത്.