ഫെബ്രുവരി മാസം വന്നെത്തിയതോടെ അതിശൈത്യത്തോട് പോരാടുകയാണ് ചൈന. നിലവിൽ, 64 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് ചൈനയിലെ താപനില താഴേക്ക് എത്തിയിരിക്കുന്നത്. ചൈനയുടെ വിദൂര പടിഞ്ഞാറൻ മേഖലയായ സിൻജിയാങിലാണ് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലെ താപനില -52.3 ഡിഗ്രി സെൽഷ്യസിന് താഴെയാണ്. ഇതോടെ, ഗതാഗത തടസ്സമടക്കം നിരവധി പ്രശ്നങ്ങളാണ് ഈ മേഖലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്നത്.
താപനില ഗണ്യമായി കുറഞ്ഞതോടെ ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയും ഹിമപാതവും അതിശക്തമായതോടെ റോഡ്, റെയിൽ തുടങ്ങിയ ഗതാഗത സംവിധാനങ്ങൾ താറുമാറായിരിക്കുകയാണ്. 1960 ജനുവരി 21നാണ് ഇതിനു മുൻപ് ചൈനയിലെ താപനില -50 സെൽഷ്യസിന് അടുത്തേക്ക് എത്തിയത്. അന്ന് രേഖപ്പെടുത്തിയ താപനില -51.5 ഡിഗ്രി സെൽഷ്യസായിരുന്നു. ഈ റെക്കോർഡ് താപനിലയാണ് ഇപ്പോൾ ഭേദിക്കുന്നത്. അതേസമയം, ഇന്ത്യയുടെ വടക്കൻ മേഖലകളിലും അതിശക്തമായ ശൈത്യവും, മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്.