താനൊരു സുരേഷ് ഗോപി ഫാൻ: ഏത് പടമിറങ്ങിയാലും പ്രോത്സാഹിപ്പിക്കുമെന്ന് ടി എൻ പ്രതാപൻ എംപി


തൃശൂർ: താനൊരു സുരേഷ് ഗോപി ഫാനാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവും എംപിയുമായ ടി എൻ പ്രതാപൻ. തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. താൻ ഒരു സിനിമാ ആരാധകനാണ്. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ ഇഷ്ടമാണ്. അവരുടെ സിനിമകളെല്ലാം കാണും. മൂന്നാമത് താൻ ഇഷ്ടപ്പെടുന്ന നടനാണ് സുരേഷ് ഗോപിയെന്ന് അദ്ദേഹം പറഞ്ഞു. കലാകാരന്മാരെ തനിക്കിഷ്ടമാണ്. കലാകാരനായ സുരേഷ് ഗോപിയെ സ്‌ക്രീനിൽ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം അറിയിച്ചു.

അദ്ദേഹത്തിന്റെ ഏത് പുതിയ സിനിമ വന്നാലും ആദ്യം കാണുന്ന ഒരാളാണ് താൻ. ഏത് പടമിറങ്ങിയാലും അദ്ദേഹത്തിന്റെ സിനിമയെ താൻ പ്രോത്സാഹിപ്പിക്കും. മലയാള സിനിമയിൽ അദ്ദേഹം ഇനിയും ഉണ്ടാകണം. അതിനുള്ള സൗന്ദര്യവും ആകാരരൂപവും കഴിവും മിടുക്കും സുരേഷ് ഗോപിയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പണ്ട് എംഎൽഎ ആയിരിക്കുമ്പോഴുണ്ടായ ഒരു അനുഭവവും അദ്ദേഹം പങ്കുവെച്ചു. ഒരു പരിപാടിയ്ക്കെത്തിയ സുരേഷ് ഗോപി ചെണ്ട വേണമെന്ന് പറഞ്ഞു. അന്ന് കുട്ടൻമാരാരെക്കൊണ്ട് വടിവൊത്ത, ഒരു നല്ല ചെണ്ട താൻ സംഘടിപ്പിച്ച് കൊടുത്തിരുന്നുവെന്ന് ടി എൻ പ്രതാപൻ കൂട്ടിച്ചേർത്തു.