ഇനി വെളുത്തുള്ളിയുടെ കാലം! വില കുതിച്ചുയർന്നതോടെ പാടങ്ങളിൽ മോഷണം പതിവ്, ഒടുവിൽ ‘അറ്റകൈ’ പ്രയോഗവുമായി കർഷകർ


ന്യൂഡൽഹി: പൊതുവിപണിയിൽ വെളുത്തുള്ളി വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയതോടെ പാടങ്ങളിൽ വെളുത്തുള്ളി മോഷണം പതിവാകുന്നതായി പരാതി. ഇതോടെ, വിളകൾ സംരക്ഷിക്കാൻ നൂതന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു കൂട്ടം വെളുത്തുള്ളി കർഷകർ. പാടത്തും പറമ്പിലുമെല്ലാം സിസിടിവി സ്ഥാപിച്ചാണ് മോഷ്ടാക്കളെ അകറ്റുന്നത്. നിലവിൽ, കിലോയ്ക്ക് 500 രൂപ വരെയാണ് വെളുത്തുള്ളി വില.

മോഷ്ടാക്കളുടെ എണ്ണം പെരുകിയ സാഹചര്യത്തിലാണ് പാടങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർഷകർ നിർബന്ധിതരായത്. കഴിഞ്ഞ ദിവസം ഒരു കർഷകന്റെ പാടത്ത് നിന്ന് 10 കിലോയ്ക്കടുത്ത് വെളുത്തുള്ളി മോഷണം പോയിരുന്നു. വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വെളുത്തുള്ളി മോഷണം പോകുന്നതിനാൽ കർഷകർ ഏറെ ദുരിതത്തിലാണ്. ബദ്നൂരിലെ ഒരു കർഷകൻ 13 ഏക്കർ സ്ഥലത്താണ് വെളുത്തുള്ളി കൃഷി ആരംഭിച്ചത്. 25 ലക്ഷം രൂപ മുതൽമുടക്കിലാണ് കൃഷി തുടങ്ങിയെങ്കിലും, വിപണി വില ഉയർന്നതോടെ ഒരു കോടിയിലധികം രൂപയുടെ ലാഭം നേടാൻ കർഷകന് സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വെളുത്തുള്ളി വില ഉയർന്നേക്കുമെന്നാണ് സൂചന.