രാമക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്, അയോധ്യയിലേക്കുള്ള മൂന്ന് റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും


ലക്നൗ: ക്ഷേത്ര നഗരിയായ അയോധ്യയിലേക്കുളള മൂന്ന് റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കാനൊരുങ്ങി യുപി സർക്കാർ. ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് റോഡുകൾ നിർമ്മിക്കുന്നത്. ലക്ഷ്മൺ പാത, അവധ് അഗ്മാൻ പാത, ക്ഷീരസാഗർ പാത എന്നീ പേരുകളിലാണ് പുതുതായി നിർമ്മിക്കുന്ന റോഡുകൾ അറിയപ്പെടുക. ഈ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വരും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാനാണ് തീരുമാനം. നിലവിൽ, രാമക്ഷേത്രത്തിലേക്ക് നാല് റോഡുകളാണ് ഉള്ളത്. പുതിയ റോഡുകളുടെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ 7 റോഡുകളിലൂടെ ക്ഷേത്രനഗരിയിൽ എത്തിച്ചേരാനാകും.

ഗുപ്തർ ഘട്ട് മുതൽ രാജ്ഘട്ട് വരെ നാല് വരി പാതയായി 6.70 കിലോമീറ്റർ നീളത്തിലാണ് ലക്ഷ്മൺ പാത നിർമ്മിക്കുക. 300 മീറ്ററാണ് അവധ് ആഗ്മാൻ പാതയുടെ നീളം. 400 മീറ്റർ നീളമുള്ള ക്ഷീരസാഗർ പാത നിലവിലെ രാംപഥ് പാതയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് നിർമ്മിക്കുക. പ്രധാന പാതയായ രാംപഥിന് 13 കിലോമീറ്റർ നീളമാണ് ഉള്ളത്. ജന്മഭൂമി പാത, ഭക്തി പാത, ധർമ്മ പാത എന്നിവയാണ് മറ്റ് മൂന്ന് പാതകൾ. ജന്മഭൂമി പാത ബിർള ധർമ്മശാലയെ രാമ ജന്മഭൂമിയുമായാണ് ബന്ധിപ്പിക്കുന്നത്. പുതിയ പാതകൾ യാഥാർത്ഥ്യമാകുന്നതോടെ ഗതാഗ തടസ്സം  ഒഴിവാക്കാനാകും.