ചര്‍മ്മത്തില്‍ കാണുന്ന ചെറിയ മാറ്റങ്ങള്‍ പോലും ചെറുതായി കാണരുത്. ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം അഥവാ സ്‌കിന്‍ ക്യാന്‍സര്‍ ഇന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമാകുകയാണ്. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്‌കിന്‍ ക്യാന്‍സര്‍. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളുണ്ട്.
സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ കോശത്തിന്റെ ഡിഎന്‍എയെ നശിപ്പിക്കുന്നതും മൂലവും പ്രതിരോധശേഷി ദുര്‍ബലമാകുന്നതു മൂലവും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത കൂടാം. പുകയിലയുടെ അമിത ഉപയോഗം, റേഡിയേഷന്‍ മൂലവുമൊക്കെ സ്‌കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം. എന്നാല്‍ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്. വിവിധ തരത്തിലുള്ള ക്യാന്‍സറിന് വിവിധ ലക്ഷണങ്ങള്‍ ഉണ്ടാകും.
ചര്‍മ്മത്തിന് നിറം കൊടുക്കുന്ന മെലാനിന്‍ എന്ന പദാര്‍ത്ഥത്തെ ഉത്പാദിപ്പിച്ചെടുക്കുന്ന കോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് മെലാനോമ സ്‌കിന്‍ ക്യാന്‍സര്‍.
മെലാനോമ സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍…
ചര്‍മ്മത്തില്‍ കാണുന്ന ചെറിയ പുള്ളികള്‍ ഒരു പ്രധാന ലക്ഷണമാകാം. ചര്‍മ്മത്തിലെ നിറമാറ്റം, രൂപമാറ്റം തുടങ്ങിയവയും ലക്ഷണമാകാം. ഒരു പുതിയ പാടോ ഒരു മറുകോ വന്നാലും നിസാരമായി കാണേണ്ട. ചര്‍മ്മത്തിലെ ചില കറുത്ത പാടുകള്‍, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം സ്‌കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചര്‍മ്മത്തിലെ മുറിവുകള്‍, ചര്‍മ്മത്തില്‍ വ്രണം, രക്തസ്രാവം, ചര്‍മ്മത്തിലെ ആകൃതി, വലിവ്, ഘടന എന്നിവയില്‍ വ്യത്യാസം , നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍,തുടങ്ങിയവ കണ്ടാലും പ്രത്യേകം ശ്രദ്ധിക്കണം. ഇവയൊക്കെ ഒരുപക്ഷേ ഏതെങ്കിലും സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. ചിലര്‍ക്ക് തൊലിപ്പുറത്ത് ചൊറിച്ചില്‍, പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെയാകാം ലക്ഷണം. തലയോട്ടിയിലെ ത്വക്കില്‍, കണ്ണിന്റെ പാളികളില്‍ , കൈവിരലുകളില്‍, കാല്‍വിരലുകള്‍ക്കിടയില്‍ അങ്ങനെ എവിടെ വേണമെങ്കിലും സ്‌കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം.