ന്യൂഡൽഹി: സ്ഥിരമായി പാരസെറ്റമോൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗവേഷകർ. എഡിൻബർഗ് സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പുള്ളത്. എഡിൻബർഗ്, ഓസ്ലോ സർവകലാശാലകളിലെയും സ്കോട്ടിഷ് നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിലെയും ഗവേഷകരാണ് പഠനം നടത്തിയത്.
സയന്റിഫിക് റിപ്പോർട്ട്സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കരളിന്റെ കോശങ്ങളിൽ പാരസെറ്റമോളിലെ ചില മിശ്രിതങ്ങൾ കരളിന് വലിയ ദുഷ്ഫലങ്ങളുണ്ടാക്കുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ഇത് മൂലം കരൾ ടിഷ്യു ഘടനയ്ക്ക് കേടുപാടുകൾ സംഭവിക്കുമെന്നും കോശങ്ങൾ ശരിയായി പ്രവർത്തിക്കാതെ നശിക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അമിതമായി മരുന്നു കഴിക്കുന്നവരിലാണ് ഇത്തരത്തിൽ ദോഷമുണ്ടാകുന്നതെന്ന് പഠനത്തിൽ പറയുന്നു. വിട്ടുമാറാത്ത വേദനയുള്ള രോഗികൾക്ക് ഒരു ദിവസം 4 ഗ്രാം പാരാസെറ്റാമോൾ കൃത്യമാണെന്നും അതിന് മുകളിൽ കഴിക്കുന്നത് ശരീരത്തിന് വലിയ അപകടമാണെന്നും പഠന റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നുണ്ട്.