അടൽ സേതു വഴി എംഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങി, ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം


അടൽ സേതു പാലം വഴിയുള്ള ബസ് സർവീസ് ആരംഭിച്ചു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എംഎസ്ആർടിസി) ബസുകളാണ് പാലം വഴി സർവീസ് നടത്തുന്നത്. പൂനെയും പരിസര പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. അടൽ സേതു പാലത്തിന് കുറുകെയുള്ള റൂട്ടുകൾ യാത്രാസമയം 25 ശതമാനത്തോളം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

പൂനെ സ്റ്റേഷനിൽ നിന്ന് മന്ത്രാലയത്തിലേക്കും, സ്വർഗേറ്റിൽ നിന്ന് ദാദറിലേക്കും ബസുകൾ സർവീസ് നടത്തുന്നതാണ്. യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനാകും. ഔദ്യോഗിക വെബ്സൈറ്റുകളായ www.msrtc.gov.in, www.npublic.msrtcors.com എന്നിവ വഴിയാണ് ബുക്ക് ചെയ്യേണ്ടത്. രാജ്യത്തെ ഏറ്റവും നീളമേറിയ കടൽ പാലമായ അടൽ കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചത്. 22 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ബൈക്ക്, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾക്ക് പാലത്തിലൂടെ സർവീസ് നടത്താൻ അനുമതിയില്ല.