പൊലീസ് ആയി ചാര്‍ജെടുത്ത ശേഷം ആദ്യ അറസ്റ്റ്, എന്നാല്‍ അറസ്റ്റിലായ യുവതിയ്‌ക്കൊപ്പം പൊലീസ് ഓഫീസര്‍ മരിച്ച നിലയില്‍


ന്യൂയോര്‍ക്ക്: പൊലീസില്‍ ജോലി കിട്ടിയ ശേഷം ആദ്യമായി ഒരാളെ അറസ്റ്റ് ചെയ്‌തെന്ന് ഭാര്യയെ വിളിച്ചറിയിച്ച ശേഷം കാണാതായ ഓഫീസറെ പിറ്റേ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി. റോബര്‍ട്ട് ജോണ്‍ ലെനോര്‍ഡ് എന്ന 35 വയസുകാരന്റെ മൃതദേഹമാണ് നദിയില്‍ നിന്ന് കണ്ടെത്തിയത്. ഇയാള്‍ അറസ്റ്റ് ചെയ്ത യുവതിയുടെ മൃതദേഹവും പൊലീസ് വാഹനവും ഇതേ നദിയില്‍ നിന്നു തന്നെ കണ്ടെടുത്തു.

അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. അടുത്തിടെയാണ് റോബര്‍ട്ട് ജോണ്‍ പൊലീസില്‍ ഡെപ്യൂട്ടി ഓഫീസറായി നിയമിതനായത്. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ഡേയില്‍ രാത്രി 10 മണിയോടെ ഒരു സ്ത്രീയും പുരുഷനും റോഡില്‍ നിന്ന് തല്ലുകൂടുന്നു എന്ന് ആരോ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റോബര്‍ട്ട് അവിടെ എത്തിയത്. സ്ത്രീയെ കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

യുവതിയെ അറസ്റ്റ് ചെയ്ത ശേഷം താന്‍ ആദ്യമായി ഒരാളെ അറസ്റ്റ് ചെയ്‌തെന്നുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് ഭാര്യയ്ക്ക് റോബര്‍ട്ട് ജോണ്‍ മെസേജ് ചെയ്തു. എന്നാല്‍ ഭാര്യ തിരിച്ച് അയച്ച സന്ദേശം അദ്ദേഹം വായിച്ചില്ല. റോബര്‍ട്ടിനെക്കുറിച്ചും അറസ്റ്റിലായ യുവതിയെക്കുറിച്ചും ഇവര്‍ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനത്തെക്കുറിച്ചും പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ഇയാളുമായി ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതോടെ പൊലീസ് രാത്രി തന്നെ പരിശോധന തുടങ്ങി.

ഉപഗ്രഹ സംവിധാനങ്ങള്‍ ഉപയോഗിച്ച് പിന്നീട് കാര്‍ എവിടെയെന്ന് കണ്ടെത്തി. ടെന്നസി നദിയുടെ അടിത്തട്ടിലാണ് വാഹനത്തിന്റെ ലൊക്കേഷന്‍ കിട്ടിയത്. പരിശോധന നടത്തി കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയെടുത്തു. അറസ്റ്റിലായ യുവതിയുടെ മൃതദേഹം വാഹനത്തിനുള്ളിലുണ്ടായിരുന്നു. മുന്‍ വശത്തെ ഡ്രൈവര്‍ സൈഡിലെ ഗ്ലാസ് താഴ്ത്തിയ നിലയിലായിരുന്നു കാര്‍. തെരച്ചിലില്‍ നദിയുടെ അടിത്തട്ടില്‍ നിന്ന് പൊലീസുകാരന്റെ മൃതദേഹവും കണ്ടെത്തി.

കാര്‍ എങ്ങനെ നദിയിലേക്ക് പതിച്ചുവെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പരിചിതമല്ലാത്ത റോഡിലൂടെ വാഹനം ഓടിക്കുന്നതിനിടെ പൊലീസുകാരന്‍ ഫോണില്‍ മെസേജ് ചെയ്യുകയും വയര്‍ലെസ് സെറ്റിലൂടെ സംസാരിക്കുകയും ചെയ്തിട്ടുണ്ടാവാമെന്നും അത് കാരണം നിയന്ത്രണം നഷ്ടമായി നദിയില്‍ പതിച്ചതാവാമെന്നുമാണ് നിഗമനം. ദീര്‍ഘകാലം നിര്‍മാണ തൊഴിലാളിയായിരുന്ന റോബര്‍ട്ട് തന്റെ അടങ്ങാത്ത ആഗ്രഹം സാക്ഷാത്കരിച്ചാണ് പൊലീസില്‍ ജോലി നേടിയത്. ഡിസംബറിലാണ് അദ്ദേഹം സര്‍വീസില്‍ പ്രവേശിക്കുന്നത്. അഞ്ച് മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പം അടുത്തിടെയാണ് ടെന്നസിയിലേക്ക് അദ്ദേഹം താമസം മാറിയത്.