എസ്എസ്എൽസി എക്സാമിന് ഇനി ആഴ്ചകൾ മാത്രം, ഇക്കുറി മാറ്റുരയ്ക്കുക 4,27,105 വിദ്യാർത്ഥികൾ


തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാർത്ഥികൾ. എസ്എസ്എൽസി പരീക്ഷ മാർച്ച് 4-ന് തുടങ്ങി 25ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മൊത്തം 2,971 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. എസ്എസ്എൽസി പരീക്ഷ നടത്തിപ്പിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് അകമ്പടിയോടെ ചോദ്യപേപ്പർ വിതരണം നടന്ന വരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 41 വിദ്യാഭ്യാസ ജില്ല ഓഫീസുകളിൽ സൂക്ഷിച്ചിട്ടുള്ള ചോദ്യപേപ്പറുകൾക്ക് മാർച്ച് 25 വരെ പോലീസ് സംരക്ഷണം ഉണ്ടായിരിക്കുന്നതാണ്.

പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിലാണ് നടക്കുക. പ്ലസ് വണ്ണിൽ 4,15,044 വിദ്യാർത്ഥികളും, പ്ലസ് ടുവിൽ 4,44,097 വിദ്യാർത്ഥികളും പരീക്ഷ എഴുതും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷം 27,770 കുട്ടികളും, രണ്ടാം വർഷം 29,337 കുട്ടികളും പരീക്ഷ എഴുതും. മാർച്ച് 1 മുതൽ 26 വരെയാണ് ഹയർ സെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുക. ഈ രണ്ട് പരീക്ഷകൾക്കും ലക്ഷദ്വീപിലും ഗൾഫിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. അതേസമയം,സ്കൂൾ വാർഷിക പരീക്ഷകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി അറിയിച്ചു.