എൻഡിപിഎസ് കേസുകളുടെ വിചാരണ ഇനി അതിവേഗത്തിൽ പൂർത്തിയാകും, ജമ്മു കാശ്മീരിൽ 5 പ്രത്യേക കോടതികൾ സ്ഥാപിക്കാൻ ഉത്തരവ്


ശ്രീനഗർ: ജമ്മു കാശ്മീരിൽ അഞ്ച് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സർക്കാർ ഉത്തരവ്. നാക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരമുള്ള കേസുകളുമായി ബന്ധപ്പെട്ട വിചാരണ വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ് പ്രത്യേക കോടതികൾ സ്ഥാപിക്കുക. ജമ്മു, ശ്രീനഗർ, കാശ്മീർ താഴ്‌വരയിലെ അനന്തനാഗ്, പുൽവാമ, ബാരമുള്ള എന്ന ജില്ലകളിലാണ് പുതിയ കോടതികൾ നിർമ്മിക്കുക. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അധ്യക്ഷനായ അഡ്മിനിസ്ട്രേറ്റീവ് കൗൺസിലാണ് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനുള്ള അംഗീകാരം നൽകിയിരിക്കുന്നത്.

ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് 5 പ്രത്യേക കോടതികൾ നിർമ്മിക്കുന്നത്. പുതിയ കോടതികളിലേക്കുള്ള തസ്തികകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ അധികം വൈകാതെ സജ്ജമാക്കുന്നതാണ്. ഈ പ്രത്യേക കോടതികളിൽ വച്ച് എൻഡിപിഎസ് നിയമത്തിന്റെ കീഴിലുള്ള കുറ്റകൃത്യങ്ങളുടെ വിചാരണ പൂർത്തിയാക്കും. മയക്കുമരുന്ന് കൈവശം വയ്ക്കൽ, ഉപയോഗം, വിൽപ്പന തുടങ്ങിയവയാണ് ഈ ആക്ടിൽ പ്രധാനമായും പരാമർശിക്കുന്നത്. മയക്കുമരുന്ന് നിർമ്മിക്കുക, ഉപയോഗിക്കുക, വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവിൽ വാങ്ങുക തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെ 1985-ലാണ് എൻഡിപിഎസ് ആക്ട് നിലവിൽ വന്നത്.