ബുർഖ ധരിച്ചെത്തി ജ്വല്ലറിയിൽ വൻ മോഷണം: വ്യാജ ആഭരണങ്ങൾ നൽകി യഥാർത്ഥ സ്വർണ്ണാഭരണങ്ങളുമായി സ്ത്രീകൾ മുങ്ങി


മംഗളുരു: ഉഡുപ്പിയിലെ ജ്വല്ലറിയിൽ തട്ടിപ്പ് നടത്തി സ്ഥലം കാലിയാക്കി സ്ത്രീകൾ. ബുർഖ ധരിച്ചെത്തിയ മൂന്ന് സ്ത്രീകളാണ് തട്ടിപ്പ് നടത്തിയത്. വ്യാജ സ്വർണ്ണാഭരണങ്ങൾ നൽകി യഥാർത്ഥ സ്വർണ ആഭരണങ്ങളുമായി ഇവർ മുങ്ങുകയായിരുന്നു. സംഭവത്തിൽ ജ്വല്ലറി ഉടമ ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി. ബുർഖ ധരിച്ചതിനാൽ മുഖം വ്യക്തമല്ല. പ്രതികൾ ഉടൻ തന്നെ പിടികൂടുമെന്ന് ഉഡുപ്പി പൊലീസ് അറിയിച്ചു.

പോലീസ് പറയുന്നത് ഇങ്ങനെ,

കനകദാസ റോഡിൽ സ്ഥിതി ചെയ്യുന്ന മാരുതി ജുവലറിയിൽ ഫെബ്രുവരി 18 ഞായറാഴ്ച രാത്രി 7.30 ഓടെ 35 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളാണ് ബുർഖ ധരിച്ച് എത്തിയത്. 31.49 ഗ്രാം തൂക്കമുള്ള മാലയും 10.94 ഗ്രാം തൂക്കമുള്ള കമ്മലും മാറ്റി വാങ്ങാനായാണ് ഇവർ എത്തിയത്. 15.800 ഗ്രാം തൂക്കമുള്ള ബ്രേസ്ലെറ്റ് ഇവർ ജുവലറിയിൽ നിന്ന് വാങ്ങുകയും ചെയ്തു. ഇവർ വാങ്ങിയ ബ്രേസ്‌ലെറ്റിന് 48,771 രൂപ വില ഈടാക്കുകയും മാറ്റി വാങ്ങിയ ആഭരണങ്ങൾക്ക് വില കണക്കാക്കി 19,000 രൂപ തിരികെ നൽകുകയും ചെയ്തു.

എന്നാൽ, സ്വർണാഭരണം കൈമാറുന്നതിനിടെ യഥാർത്ഥ ആഭരണങ്ങൾ മാറ്റി പകരം സമാന ഡിസൈനിലും തൂക്കത്തിലുമുള്ള വ്യാജ ആഭരണങ്ങൾ വെച്ച് കബളിപ്പിക്കുകയായിരുന്നു മൂന്നംഗ സംഘം. 1,98,923 രൂപ വിലമതിക്കുന്ന യഥാർത്ഥ സ്വർണാഭരണങ്ങൾ ഇവർ അപഹരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. ബുർഖ ധരിച്ചിരുന്നതിനാൽ ഇവരുടെ മുഖം തിരിച്ചറിയുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.