ദിവസങ്ങൾ നീണ്ട പരിശ്രമം! ശബരിമല ഭണ്ഡാരത്തിലെ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി, ഇക്കുറി ലഭിച്ചത് കോടികൾ


ശബരിമല: മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലെ ഭണ്ഡാരത്തിൽ ലഭിച്ച നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി. ഇത്തവണ 11.65 കോടി രൂപയുടെ നാണയമാണ് ലഭിച്ചത്. 400 ദേവസ്വം ജീവനക്കാർ ചേർന്ന് ഫെബ്രുവരി അഞ്ച് മുതലാണ് നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ തുടങ്ങിയത്. പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ദിലീപ് കുമാർ, ചങ്ങനാശ്ശേരി അസി. ദേവസ്വം കമ്മീഷണർമാരായ ഈശ്വരൻ നമ്പൂതിരി, എം.ജി മധു, അഭിജിത് എന്നിവരടക്കമുള്ള 14 ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകിയത്.

ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ നാണയങ്ങൾ കൂടി എണ്ണാൻ ബാക്കിയുണ്ട്. ഇവ ഉടൻ പൂർത്തിയാക്കുന്നതാണ്. ദേവസ്വം ബോർഡിന്റെ പഴയതും പുതിയതുമായ ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരുന്ന നാണയങ്ങൾ മാളികപ്പുറം ക്ഷേത്രത്തിന് പിന്നിലെ അന്നദാന മണ്ഡപത്തിൽ എത്തിച്ചാണ് എണ്ണിയത്. മണ്ഡലകാലത്ത് കാണിക്കകയായി ലഭിച്ച നോട്ടുകൾ എണ്ണിയപ്പോൾ 357.47 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.

കോടിക്കണക്കിന് രൂപ മൂല്യമുള്ള നാണയങ്ങൾ എണ്ണാൻ ദേവസ്വം ബോർഡിന് പ്രത്യേക യന്ത്ര സംവിധാനം ഇല്ല. 2017 വരെ യന്ത്രം ഉപയോഗിച്ചാണ് എണ്ണിയിരുന്നതെങ്കിലും, പിന്നീട് അത് തകരാറിലാകുകയായിരുന്നു. നാണയം എണ്ണൽ നീളുന്നത് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. നാണയം എണ്ണാൻ എത്തുന്ന ജീവനക്കാർക്ക് യാത്രാബത്തയും അലവൻസും നൽകേണ്ടതുണ്ട്. ഇവർക്ക് ആവശ്യമായ ഭക്ഷണം മറ്റും എത്തിക്കുന്നതിന് ഉൾപ്പെടെ ഏകദേശം ഒന്നരക്കോടി രൂപയാണ് ചെലവ് ഇനത്തിൽ വരുന്നത്.