അഹമ്മദാബാദ്: മോഡലായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഐപിഎൽ ക്രിക്കറ്റ് താരത്തെ ചോദ്യംചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഫാഷൻ ഡിസൈനറും യുവ മോഡലുമായ ടാനിയ സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഐപിഎൽ താരത്തെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഐപിഎൽ താരമായ അഭിഷേക് ശർമയിലേക്ക് അന്വേഷണം നീളുന്നുവെന്നാണ് റിപ്പോർട്ട്.
യുവതി മരിക്കുന്നതിന് മുൻപ് അഭിഷേക് ശർമയ്ക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചുവെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെയാണ് യുവമോഡലായ ടാനിയ സിങ്ങിനെ സൂറത്തിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് യുവതിയുടെ ഫോൺ രേഖകൾ പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് അഭിഷേക് ശർമയുമായുള്ള ബന്ധം പോലീസിന് മനസിലായത്.
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് അഭിഷേക് ശർമ. ടാനിയയും അഭിഷേകും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ടാനിയ അഭിഷേകിന് വാട്ട്‌സ് ആപ്പിൽ സന്ദേശം അയച്ചിരുന്നതായും പോലീസ് കണ്ടെത്തി. ടാനിയയുടെ നമ്പർ അഭിഷേക് ബ്ലോക്ക് ചെയ്തിരുന്നതായാണ് വിവരം. സാമൂഹികമാധ്യമങ്ങളിലടക്കം ടാനിയയുടെ സന്ദേശങ്ങൾക്ക് ഇയാൾ മറുപടി നൽകിയിരുന്നില്ലെന്നാണ് റിപ്പോർട്ട്.