വിശ്വാസത്തിന്റെയും ഒരുമയുടെയും ഈ യാത്ര ആരംഭിക്കുകയാണ്: നവദമ്പതികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി


ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ രാകുൽ പ്രീത് സിംഗിനും ജാക്കി ഭഗ്നാനിയ്ക്കും വിവാഹാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കത്തിലൂടെയാണ് പ്രധാനമന്ത്രി ഇരുവർക്കും ആശംസകൾ നേർന്നത്. നവ ദമ്പതിമാർക്ക് തന്റെ ആശംസകൾ. വിശ്വാസത്തിന്റെയും ഒരുമയുടെയും ഈ യാത്ര ആരംഭിക്കുകയാണ്. ഇരുവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേർന്നുകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി സന്ദേശത്തിൽ പറയുന്നു. ഇനിയുള്ള വർഷങ്ങൾ നിങ്ങൾക്ക് പരസ്പരം മനസ്സിലാക്കാനുള്ള അവസരമാണ്. മുന്നോട്ടുള്ള ഓരോ ദിനവും പരസ്പര വിശ്വാസത്തോടെ മുന്നോട്ടുപോവുക.

എന്നും നിങ്ങളുടെ മനസും ഹൃദയവും ചിന്തകളും ഒന്നായിരിക്കട്ടെ. സ്വപ്നങ്ങളും അഭിലാഷങ്ങളും കൈകോർത്ത് സ്വന്തമാക്കാൻ സാധിക്കട്ടെ. ഈ ജീവിതയാത്രയിൽ തികഞ്ഞ പങ്കാളികളായി മാറട്ടെ. വിവാഹ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി. ഈ സുപ്രധാന അവസരത്തിൽ താൻ ഒരിക്കൽ കൂടി എന്റെ ആശംസകൾ അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ രാകുൽ പ്രീത് സിംഗും ജാക്കി ഭഗ്നാനിയും വിവാഹിതരായത്. ഗോവയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കുചേർന്നത്.