അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ചുള്ള വീഡിയോകളിൽ വിദ്വേഷ കമന്റ് വരുന്നത് കേരളത്തിൽ മാത്രം: സുജിത്ത് ഭക്തൻ
അയോധ്യയെ പറ്റിയും രാമക്ഷേത്രത്തെ കുറിച്ചും വീഡിയോ ചെയ്യുമ്പോൾ ഹെയ്റ്റ് കമന്റ് വരുന്നത് കേരളത്തിൽ മാത്രമെന്ന് വ്ലോഗർ സുജിത്ത് ഭക്തൻ. മറ്റ് പല സംസ്ഥാനത്ത് നിന്നുള്ളവരും അയോധ്യയെ കുറിച്ച് വീഡിയോകൾ ചെയ്യാറുണ്ടെന്നും എന്നാൽ, അവയ്ക്ക് നേരേ ഹെയ്റ്റ് കമന്റ്സുകൾ വരാറില്ലെന്നും സുജിത്ത് ഭക്തൻ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘അയോധ്യയെപ്പറ്റി ഇഷ്ടം പോലെ വ്ലോഗർമാർ വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഹെയ്റ്റ് കമന്റ് വരുന്നത് കേരളത്തിൽ നിന്നുള്ള വ്ലോഗർമാരുടെ വീഡിയോകളുടെ കീഴിലാണ്. മറ്റ് പല സംസ്ഥാനത്ത് നിന്നുള്ള ഇഷ്ടം പോലെ ആളുകൾ വീഡിയോ ചെയ്തിട്ടുണ്ട്. പക്ഷെ, അവർക്ക് നേരെ ഹെയ്റ്റ് കമന്റ്സ് ഒന്നും അങ്ങനെ വരാറില്ല. അതൊരു സെൻസിറ്റീവ് ടോപ്പിക്കാണ്. അതിന്റെ ഭൂതകാലം തിരഞ്ഞ് പോകേണ്ട ആവശ്യമില്ല. ഇനി പോയിക്കഴിഞ്ഞാൽ ഒത്തിരി കാര്യങ്ങളുണ്ടല്ലോ. പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാവും’.
‘ഞങ്ങൾ അയോധ്യയിൽ പോയി. അവിടെ കണ്ട കാഴ്ചകൾ വീഡിയോയായി പങ്കുവച്ചു. അത് അമ്പലമാണെങ്കിലും, അവിടെ തുടങ്ങിയ എയർപോർട്ട് ആണെങ്കിലും. ക്ഷേത്രത്തിന്റെ പണി കഴിയാത്തതുകൊണ്ട് അവിടേയ്‌ക്ക് അന്ന് പോകാൻ പറ്റിയിരുന്നില്ല. ഇനി പോകാൻ അവസരം ലഭിക്കുമ്പോൾ പോകും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്’- സുജിത്ത് ഭക്തൻ പറഞ്ഞു.
അയോധ്യാ രാമക്ഷേത്രത്തിന്റെ നിർമ്മാണം നടക്കവെ അദ്ദേഹം അവിടെ പോയിരുന്നു. അവിടുത്തെ കാഴ്ചകളും ഉത്തർപ്രദേശിനുണ്ടായ വലിയ വികസന മാറ്റങ്ങളും അദ്ദേഹം വിവരിച്ചിരുന്നു. അന്ന് വ്യാപകമായ സൈബർ ആക്രമണമാണ് സുജിത്ത് ഭക്തൻ നേരിടേണ്ടി വന്നത്.