കോഴിക്കോട് നിന്ന് ഇനി നേരിട്ട് മുംബൈയിലേക്ക് പറക്കാം! പുതിയ സർവീസിന് തുടക്കമിട്ട് എയർ ഇന്ത്യ എക്സ്പ്രസ്
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നിന്ന് പുതിയ സർവീസിന് തുടക്കമിട്ടു. കോഴിക്കോട് നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസാണ് എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് നിന്ന് പുലർച്ചെ 1:10-നും, മുംബൈയിൽ നിന്ന് രാത്രി 10:50-നും പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നേരിട്ടുള്ള സർവീസ് ആയതിനാൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ കോഴിക്കോട് നിന്ന് മുംബൈയിലേക്ക് എത്തിച്ചേരാനാകും. ആഭ്യന്തര കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസുകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ആഴ്ചയിൽ 101 രാജ്യാന്തര വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. എയർലൈൻ ഏറ്റവും കൂടുതൽ രാജ്യാന്തര സർവീസ് നടത്തുന്നതും കരിപ്പൂരിൽ വച്ചാണ്. കഴിഞ്ഞ മാസം നേരിട്ടുള്ള പ്രതിദിന ബെംഗളൂരു സർവീസ് കോഴിക്കോട് നിന്ന് ആരംഭിച്ചിരുന്നു. ഇതിന് പുറമേ, ബഹറിൻ, കുവൈത്ത്, മസ്കറ്റ്, ദുബായ്, അബുദാബി, ഷാർജ, ദോഹ, ജിദ്ദ, റിയാദ് തുടങ്ങി പതിനഞ്ചോളം സ്ഥലങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നും നേരിട്ട് വിമാന സർവീസുകൾ നടത്തുന്നുണ്ട്.