കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി അഭിലാഷ് നൽകിയ മൊഴി പുറത്ത്. വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് അഭിലാഷ് വ്യക്തമാക്കി. തനിക്കെതിരെ ഉണ്ടായ പല അക്രമങ്ങളും പാർട്ടി ചെറുത്തില്ലെന്നും പോലീസ് വ്യക്തമാക്കി. കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് സമീപത്തു നിന്നാണ് ആയുധം കണ്ടെത്തിയത്.
സത്യനാഥന്റെ കൊലക്കേസ് അന്വേഷിക്കുന്നത് വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ്. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. വടകര ഡിവൈഎസ്പി സജേഷ് വാഴവളപ്പിൽ, പേരാമ്പ്ര ഡിവൈഎസ്പി ബിജു കെ എം, കൊയിലാണ്ടി സി ഐ മെൽബിൻ ജോസ്, അഞ്ച് എസ്‌ഐമാർ, രണ്ട് എഎസ്‌ഐമാർ, രണ്ട് സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, രണ്ട് സിവിൽ പോലീസ് ഓഫീസർമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പി വി സത്യനാഥൻ. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെയായിരുന്നു സത്യനാഥൻ കൊല്ലപ്പെട്ടത്. അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥൻ എതിർത്തിരുന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ പലതവണ സംസാരമുണ്ടായതായാണ് വിവരം.