ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയാണെന്നാണ് നിര്‍മ്മല സീതാരാമന്റെ ഭാവം: പരിഹസിച്ച് തോമസ് ഐസക്


കൊച്ചി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ പരിഹസിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. നിർമ്മലയ്ക്ക് അസഹനീയമാംവിധം അധികാരഭ്രാന്ത് മൂര്‍ച്ഛിച്ച അവസ്ഥയിലാണെന്ന് ഐസക് പരിഹസിച്ചു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയുടെ സിംഹാസനമാണ് തന്റേത് എന്നാണ് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഭാവമെന്നും സിപിഎം നേതാവ് പരിഹസിച്ചു.

പകിടകളിയില്‍ തോറ്റ് കേന്ദ്രാധികാരത്തിന്റെ ഭൂതത്താന്‍ കോട്ടയില്‍ എന്നെന്നേയ്ക്കുമായി ദാസ്യവൃത്തിയ്ക്കു വിധിക്കപ്പെട്ട കീഴാളപദവിയിലാണ് അവര്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളെ കാണുന്നത്. അങ്ങനെയല്ല എന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും മുന്‍കൈയെടുക്കണം. അസഹനീയമാംവിധം അധികാരഭ്രാന്ത് മൂര്‍ച്ഛിച്ച അവസ്ഥയിലാണവരെന്നും ഐസക് വിമർശിച്ചു.

‘ഇത്ര നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുന്നതിന് കാരണമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികവിവേചനത്തിനെതിരെ കേരളം കൊടുത്ത കേസില്‍ കേന്ദ്രം കാണിക്കുന്ന അസഹിഷ്ണുത കാണുമ്പോഴറിയാം, അവരെ ബാധിച്ചിരിക്കുന്ന അധികാരഭ്രാന്തിന്റെ ആഴം. സുപ്രിംകോടതിയെ സമീപിച്ച്, കേരളം നിയമപോരാട്ടത്തിനിറങ്ങിയത് കേന്ദ്രം വാഴുന്ന പൊന്നു തമ്പുരാന്മാര്‍ക്ക് തീരെ ബോധിച്ചിട്ടില്ല. ശിരസു കുനിച്ചും നട്ടെല്ലു വളച്ചും മുട്ടിലിഴഞ്ഞും കേരളം തങ്ങളുടെ മുന്നില്‍ കെഞ്ചിക്കേഴുമെന്നാണ് കൊടുമണ്‍ പോറ്റിമാരുടെ കേന്ദ്രസ്വരൂപങ്ങള്‍ ധരിച്ചതെങ്കില്‍ അവര്‍ക്കു തെറ്റി. ഇത് നാടു വേറെയാണ്.

ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചൂകൂടേ എന്ന് നിര്‍ദ്ദേശിച്ചത് സുപ്രിംകോടതിയാണ്. കേന്ദ്രത്തിന്റെ വാദം കേട്ടപാടെ കേരളത്തിന്റെ ഹര്‍ജി തള്ളുകയല്ല സുപ്രിംകോടതി ചെയ്തത് എന്ന് ഓര്‍മ്മിക്കുക. ആ ചര്‍ച്ചയിലാണ് കോടതി നിര്‍ദ്ദേശിച്ച പ്രകാരം ചര്‍ച്ചയ്ക്കു ചെന്നപ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ മുഷ്‌കും മുരടത്തരവും വെളിയില്‍ ചാടിയത്.

കേസ് പിന്‍വലിച്ചാല്‍ പതിമൂവായിരം കോടിയുടെ വായ്പയെടുക്കാന്‍ അനുവദിക്കാമത്രേ. അധികാരത്തിന്റെ ധാര്‍ഷ്ട്യം നോക്കൂ. അര്‍ഹതപ്പെട്ടത് ആദ്യം തടഞ്ഞു വെയ്ക്കുന്നു. തടസം നീക്കി അര്‍ഹതപ്പെട്ടത് നല്‍കണമെന്ന് മാന്യമായി എത്രയോ തവണ നാം പറഞ്ഞതാണ്. മുട്ടാപ്പോക്കും അധിക്ഷേപവുമായിരുന്നു മറുപടി. സഹിക്കാവുന്നതിന്റെ സീമകളെല്ലാം കഴിഞ്ഞപ്പോഴാണ് നാം നീതി തേടി സുപ്രിംകോടതിയെ സമീപിച്ചത്. ആ കേസ് മാടമ്പിത്തരത്തിന്റെ മുഖത്തേറ്റ പ്രഹരമായി. ഇപ്പോപ്പറയുന്നു, കേസു പിന്‍വലിച്ചാല്‍ അര്‍ഹതപ്പെട്ട വായ്പയെടുക്കാന്‍ അനുവാദം തരാമെന്ന്. സുപ്രിംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് വാടകഗുണ്ടകളുടെ ഭാഷയിലുള്ള കേന്ദ്ര ഉദ്യോഗസ്ഥരുടെ ഈ വര്‍ത്തമാനം’, ഐസക് പരിഹസിച്ചു.