പ്രീണനത്തിനും അഴിമതിയ്ക്കുമപ്പുറത്തേക്ക് കോൺഗ്രസിന് മറ്റൊന്നും ചിന്തിക്കാൻ കഴിയില്ല: രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി


റായ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വജനപക്ഷപാതത്തിനും പ്രീണനത്തിനും അഴിമതിയ്ക്കുമപ്പുറത്തേക്ക് കോൺഗ്രസിന് മറ്റൊന്നും ചിന്തിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് തടയിടാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ നയങ്ങൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചത്തീസ്ഗഡിൽ 34,400 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ത് വികസന പദ്ധതികൾക്കാണ് ചത്തീസ്ഗഡിൽ പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചത്. 34,400 കോടിയുടെ പദ്ധതികളാണിവ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമ്പോൾ ചത്തീസ്ഗഡും അതിൽ പ്രധാന പങ്കും വഹിക്കുെമന്നും വികസനത്തിന്റെ മറ്റൊരു തലം സംസ്ഥാനത്ത് ഉയരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാവപ്പെട്ടവരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിലൂടെ വികസിത ചത്തീസ്ഗഡ് കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഭാരതത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ അഴിമതി കാണിച്ച് ഇന്ത്യയുടെ ഭാവി തകർക്കുകയായിരുന്നു കോൺഗ്രസ് ചെയ്തിരുന്നത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ദീർഘകാലം കോൺഗ്രസ് രാജ്യത്ത് ഭരിച്ചുവെങ്കിലും അവരുടെ സർക്കാർ രൂപീകരിക്കുന്നതിൽ മാത്രമായിരുന്നു കോൺഗ്രസ് ശ്രദ്ധച്ചെലുത്തിയിരുന്നതെന്നും അദ്ദേഹം വിമർശിച്ചു.