വയനാട്ടിൽ ദിവസങ്ങളോളം ഭീതി വിതച്ച ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്ന ഇനി കേരളത്തിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് കർണാടക വനം വകുപ്പ്. അന്തർസംസ്ഥാന ഏകീകരണ യോഗത്തിൽ വച്ചാണ് കർണാടക വനം വകുപ്പ് ഇത് സംബന്ധിച്ച ഉറപ്പ് നൽകിയത്. നിലവിൽ, നാഗർഹോള വനത്തിന് സമീപമാണ് ആന സ്ഥിതി ചെയ്യുന്നത്. ഇനി അതിർത്തി കടന്ന് കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കർണാടക വനം വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ദിവസമായി ബേലൂർ മഗ്ന കേരളത്തിലേക്ക് പ്രവേശിച്ചിട്ടില്ല.
2023 നവംബർ 30ന് ഹസൻ ബേലൂരിൽ നിന്ന് പിടികൂടിയ മോഴയെ കർണാടക വകുപ്പാണ് കേരളവുമായി അതിർത്തി പങ്കിടുന്ന മൂലഹള്ള വന്യജീവി റേഞ്ചിൽ തുറന്നുവിട്ടത്. ഇവിടെ നിന്നും കിലോമീറ്റളോളം സഞ്ചരിച്ച ആന അതിർത്തി കടന്ന് കേരളത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതിനിടെ ബേലൂർ മഗ്നയുടെ ആക്രമണത്തിൽ അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബേലൂർ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യങ്ങൾ ആരംഭിച്ചത്. എന്നാൽ, ഉൾവനത്തിൽ തുടരുന്ന ആനയെ മയക്കുവെടി വെച്ച് പിടികൂടുന്ന ദൗത്യം ഏറെ ശ്രമകരമായി മാറുകയായിരുന്നു.