ഷില്ലോങിൽ വൻ തീപിടിത്തം: ബാർ അസോസിയേഷൻ കെട്ടിടം പൂർണമായും കത്തിനശിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി
മേഘാലയയിലെ ഷില്ലോങിൽ വൻ തീപിടിത്തം. ഷില്ലോങിലെ ബാർ അസോസിയേഷൻ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. തീപിടിത്തത്തെ തുടർന്ന് കെട്ടിടം പൂർണമായും കത്തിനശിച്ചു. അഗ്നിശമന സേന എത്തിയ ശേഷം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനോടുവിലാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തീപിടിത്തത്തെ തുടർന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തെ നിർഭാഗ്യകരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അപകടത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, കെട്ടിടത്തിനുള്ളിലെ ഫർണിച്ചറുകളും പ്രധാന രേഖകളും കത്തിനശിച്ചിട്ടുണ്ട്. വിദഗ്ധ സംഘം സ്ഥലത്തെത്തിയ ശേഷം കൂടുതൽ പരിശോധന നടത്തുന്നതാണ്.