തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തിരുവനന്തപുരത്ത് മഴ. ആറ്റുകാൽ ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിൽ നേരിയ ചാറ്റൽ മഴ തുടരുകയാണ്. രാവിലെ 10 മണി മുതലാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ, കാലാവസ്ഥ മൂടിക്കെട്ടിയ നിലയിലാണ്. ഇത് പൊങ്കാലയ്ക്ക് വെല്ലുവിളി ഉയർത്തുമോ എന്ന ആശങ്കയിലാണ് ഭക്തർ.
വ്രതം നോറ്റ് പൊങ്കാല അർപ്പിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് തിരുവനന്തപുരം നഗരത്തിൽ എത്തിയിരിക്കുന്നത്. സഹമേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും, ക്ഷേത്രത്തിന്റെ മുൻവശത്തെ പണ്ടാര അടുപ്പിലേക്കും അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററോളം നിരന്ന അടുപ്പുകളിലേക്ക് പകരുക.