കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. ദുബായിൽ നിന്നും കേരളത്തിലേക്ക് വന്ന പ്രവാസിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. പാലക്കാട് സ്വദേശി രജീഷാണ് പിടിയിലായത്. ഷൂസിനകത്ത് പ്രത്യേക അറിയുണ്ടാക്കി നിറം മാറ്റിയ സ്വർണം പേസ്റ്റ് രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് 340 ഗ്രാം സ്വർണം പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലും അതിവിദഗ്ധമായി കടത്താൻ ശ്രമിച്ച സ്വർണം നെടുമ്പാശ്ശേരിയിൽ വച്ച് പിടികൂടിയിരുന്നു. മാലിയിൽ നിന്നും വന്ന വിമാനത്തിന്റെ ടോയ്‌ലറ്റിൽ നിന്നും 500 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണം 10 കഷണങ്ങളാക്കി സൂക്ഷിച്ച നിലയിലായിരുന്നു. വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് വ്യാപകമായതിനാൽ കസ്റ്റംസിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ കർശന പരിശോധനയാണ് നടത്തുന്നത്.