തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ പഴുതടച്ച സുരക്ഷ ഒരുക്കി. സുരക്ഷയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും, നാളെ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങൾക്ക് വിപരീതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ്.
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം, ശംഖുമുഖം, കൊച്ചുവേളി, പൗണ്ട്കടവ് വരെയുള്ള റോഡിലും ആൾസെയിൻസ്, പേട്ട ,ആശാൻ സ്‌ക്വയർ, പാളയം, സ്റ്റാച്യൂ, പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടറിയേറ്റിനും സെൻട്രൽ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ റോഡുകൾക്ക് ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. അതേസമയം, നാളെ അന്താരാഷ്‌ട്ര വിമാനത്താവളം, ശംഖുമുഖം, ചാക്ക ഈഞ്ചക്കൽ എന്നീ റോഡുകളിലുമാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.