മലയാളികളുടെ പ്രിയ ഭക്ഷണമാണ് ദോശ. പലവിധത്തിലുള്ള ദോശകൾ ഇന്ന് മലയാളികൾ ഉണ്ടാക്കാറുണ്ട്. ഇത്തരം ദോശയ്ക്കൊപ്പം തേങ്ങാ ചട്‌നിയോ, ഉള്ളിയോ തക്കാളിയോ കൊണ്ടുണ്ടാക്കിയ ചമ്മന്തിയോ ഒക്കെ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. അല്‍പം വ്യത്യസ്തമായി ഒരു ദോശ ഉണ്ടാക്കി നോക്കിയാലോ?. സ്വീറ്റ് കോണ്‍( ചോളം) കൊണ്ടുള്ള ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ആവശ്യമായ സാധനങ്ങൾ
ദോശയ്ക്കുള്ള അരി- ഒരു കപ്പ്
സ്വീറ്റ് കോണ്‍(ചോളം)- ഒരു കപ്പ്
ജീരകം- അര ടീസ്പൂണ്‍
പച്ചമുളക്- രണ്ടെണ്ണം
എണ്ണ- അല്‍പം(ദോശ ചുടാന്‍)
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി മൂന്നോ നാലോ മണിക്കൂര്‍ വെള്ളം വാര്‍ത്ത് വെക്കുക. ചോളം, പച്ചമുളക്, ജീരകം എന്നിവ അരിക്കൊപ്പം ചേര്‍ത്ത് അരച്ച് ദോശമാവ് തയ്യാറാക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ക്കണം. ഒരു തവ അല്ലെങ്കില്‍ നോണ്‍സ്റ്റിക് പാന്‍ എടുത്ത് ചൂടാക്കുക. അല്‍പം എണ്ണ പുരട്ടുക. ഒരു തവി മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കുക. പാലക് ദാലിനും ചട്‌നിക്കുമൊപ്പം ചൂടോടെ കഴിക്കാം.