തട്ടിപ്പിൽ വീഴരുതേ!!! ആർപിഎഫ് റിക്രൂട്ട്മെന്റിന്റെ പേരിൽ വ്യാജ സന്ദേശം, മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: ആർപിഎഫ് റിക്രൂട്ട്മെന്റിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി മുന്നറിയിപ്പ്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ എസ്ഐ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്ന സന്ദേശമാണ് വിവിധ സോഷ്യൽ മീഡിയകൾ വഴി വ്യാപകമായി പ്രചരിച്ചിരിക്കുന്നത്. എന്നാൽ, ഈ സന്ദേശങ്ങൾ വ്യാജമാണെന്ന് റെയിൽവേ അറിയിച്ചു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
ആർപിഎഫിൽ 4,208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർ എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി പ്രത്യേക റിക്രൂട്ട്മെന്റ് നടക്കുന്നു എന്നതാണ് വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം. RTUEXAM.NET എന്ന വെബ്സൈറ്റ് വഴിയാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ആർപിഫോ, റെയിൽവേ മന്ത്രാലയമോ ഇത്തരത്തിലൊരു അറിയിപ്പ് നൽകിയിട്ടില്ലെന്ന് കേരള പോലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പ്
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ (RPF) എസ്‌ഐ, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്ന് റെയില്‍വേ. ആര്‍പിഎഫില്‍ 4,208 കോണ്‍സ്റ്റബിള്‍, 452 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം ‘RTUEXAM.NET’ എന്ന വെബ്സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്. ആര്‍പിഎഫോ റെയില്‍വേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ല.