സെമി കണ്ടക്ടർ ഉൽപ്പാദന രംഗത്ത് ശക്തമായ മുന്നേറ്റം നടത്താനൊരുങ്ങി ഇന്ത്യ. സെമി കണ്ടക്ടർ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് 3 സെമി കണ്ടക്ടർ പ്ലാന്റ് നിർമ്മിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുണ്ട്. രണ്ടെണ്ണം ഗുജറാത്തിലും, ഒരെണ്ണം അസമിലുമാണ് നിർമ്മിക്കുക. മൊത്തം 1.26 ലക്ഷം കോടി രൂപ ചെലവിലാണ് സെമി കണ്ടക്ടർ പ്ലാന്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്.
ഗുജറാത്തിലെ ധോലേരയിലാണ് ആദ്യത്തെ പ്ലാന്റ് നിർമ്മിക്കുന്നത്. ടാറ്റ ഇലക്ട്രോണിക്സും, തായ്‌വാൻ പവർ സെമി കണ്ടക്ടർ മാനുഫാക്ചറിംഗ് കോർപ്പറേഷനും സംയുക്തമായാണ് പ്ലാന്റ് നിർമ്മിക്കുക. ഏകദേശം 91,000 കോടി രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കുന്നത്. 5000 വാഫോഴ്സ് (കനം കുറഞ്ഞ് വൃത്താകൃതിയിലുള്ള സെമി കണ്ടക്ടർ ഘടകം) ഉൽപ്പാദന ശേഷിയാണ് പ്ലാന്റിന് ഉള്ളത്. നാല് വർഷത്തിനകം പ്ലാന്റ് യാഥാർത്ഥ്യമാക്കാനാണ് പദ്ധതിയിടുന്നത്. രണ്ടാമത്തെ പ്ലാന്റ് അസമിലും, മൂന്നാമത്തെ പ്ലാന്റ് ഗുജറാത്തിലെ സാന്ദിലുമാണ് നിർമ്മിക്കുക. പ്ലാന്റുകൾ പ്രവർത്തനക്ഷമമാകുന്നതോടെ നിരവധി പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കും.