ലിവ്-ഇൻ പങ്കാളിയായ യുവാവിനെ കുത്തിക്കൊന്ന് യുവതി: കൊലപാതകം കുടുംബചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കകം
കൊൽക്കത്ത: ലിവ്-ഇൻ പങ്കാളിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി യുവതി. കൊൽക്കത്തയിലാണ് സംഭവം. സാർധക് ദാസ് എന്ന യുവാവിനെയാണ് പങ്കാളിയായ ശൻഹതി പോൾ കൊലപ്പെടുത്തിയത്. യുവതി തന്നെയാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചതും. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അപ്പാർട്മെന്റിലെത്തിയ പോലീസ് സംഘം കണ്ടത് തളംകെട്ടിയ രക്തത്തിൽ കിടക്കുന്ന യുവാവിന്റെ മൃതദേഹമായിരുന്നു. ഇതിന് സമീപത്തായി പ്രതിയായ യുവതിയും ഉണ്ടായിരുന്നു.
സാർധകിന്റെ ശരീരത്തിൽ നിരവധി മുറിപ്പാടുകളുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. മൂർച്ചയുള്ള കത്തി ഉപയോഗിച്ച് യുവാവിനെ പലതവണ കുത്തിയെന്നാണ് യുവതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
യുവതിക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പോലീസ് ചുമത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട സാർധക് ഫോട്ടോഗ്രാഫറായിരുന്നു. പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു ശൻഹതി. ഇരുവരും ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു. വിവാഹമോചിതയായ യുവതിയ്ക്ക് പ്രായപൂർത്തിയാകാത്ത മകനുമുണ്ട്. മൂന്നുപേരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അതേസമയം, കൊലപാതകത്തിന് മണിക്കൂറുകൾക്കു മുമ്പ് യുവതിയ്ക്കും മകനും ഒപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന അടിക്കുറിപ്പോടെ സാർധക് സമൂഹികമാധ്യമത്തിൽ ഷെയർ ചെയ്തിരുന്നു. സാമൂഹ്യ മാധ്യമ അക്കൗണ്ടിലെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് ‘എൻഗേജ്ഡ്’ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിനൊക്കെ ഒടുവിലാണ് കൊലപാതകം നടന്നിരിക്കുന്നത്.