ബെംഗളൂരു സ്ഫോടനുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചതായി സൂചന. കൃത്യമായി ആസൂത്രണം ചെയ്ത സ്ഫോടനം ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചുവെന്നാണ് സംശയം. ടൈമറിന്റെ അവശിഷ്ടങ്ങൾ സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഒന്നിലധികം ആളുകളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന. ഇവരെ ചോദ്യംചെയ്ത് വരികയാണ്.
സ്ഫോടനവുമായി ബന്ധപ്പെട്ട സുരക്ഷ വിലയിരുത്താൻ ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം നടത്തുക. സംഭവത്തിൽ യുഎപിഎ നിയമപ്രകാരമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം, ബോംബ് സ്ക്വാഡ് എന്നിവയെത്തി വിദഗ്ധ പരിശോധന നടത്തിയിട്ടുണ്ട്.
വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചയ്ക്ക് 12.56-നാണ് സ്ഫോടനമുണ്ടായത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കുമാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഏതാണ്ട് 11.45 ഓടെ അജ്ഞാതനായ ഒരാൾ ഹോട്ടലിൽ ഒരു ബാഗ് കൊണ്ടുവന്ന് ഉപേക്ഷിച്ച് പോയ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.