ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പമെത്തിയ യുവതിയുടെ കുഞ്ഞിനെ കൊലപ്പെടുത്തി, ഓടയിൽ നിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി
തൃശ്ശൂർ: കാമുകനും കുടുംബവും ചേർന്ന് കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ബാഗിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. തൃശ്ശൂർ റെയിൽവേ സ്റ്റേഷന്‍റെ അടുത്തുള്ള ഓടയിൽ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. കുട്ടിയുടെ അമ്മയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശികളായ ശ്രീപ്രിയ – മണിബാലൻ ദമ്പതികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. മാസങ്ങൾക്ക് മുമ്പ് ശ്രീപ്രിയയും ആൺസുഹൃത്ത് ജയസൂര്യനും തമിഴ്നാട്ടിൽ നിന്നും ഒളിച്ചോടി മലപ്പുറം തിരൂരിലെത്തിയിരുന്നു. ഇവിടെ വച്ച് ജയസൂര്യനും പിതാവ് കുമാറും ചേർന്ന് കുട്ടിയെ മർദിച്ചു കൊലപ്പെടുത്തി എന്നാണ് ശ്രീപ്രിയ മൊഴി നൽകിയിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം തൃശ്ശൂരിലേക്ക് പോകുന്ന വഴി ഉപേക്ഷിച്ചുവെന്നും മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരൂരിനടുത്ത് തലക്കാട് പഞ്ചായത്തിൽ പുല്ലൂരാൽ എസ്.ഐ.ഒ. ബസ്റ്റോപ്പിന് സമീപത്തായിരുന്നു ശ്രീപ്രിയയും കാമുകനും താമസിച്ചിരുന്നത്. മൂന്ന് മാസം മുമ്പായിരുന്നു തമിഴ്നാട് നെയ്‌വേലി സ്വദേശി ജയസൂര്യ (23)യ്ക്കൊപ്പം ശ്രീപ്രിയ തിരൂരിലെത്തിയത്. ഇവരെ ഭർത്താവും വീട്ടുകാരും തിരഞ്ഞുവരികയായിരുന്നു. ഇതിനിടെ ശ്രീപ്രിയയെ തിരൂരിലുള്ള ഒരു ഹോട്ടലിൽ വെച്ചു കണ്ടതായി വിജയയുടെ ഭർത്താവ് ചിദംബരശൻ വീട്ടിൽ വന്നു പറഞ്ഞു. പിറ്റേദിവസം ഇവർ സ്ഥലത്ത് പോയി നോക്കിയെങ്കിലും ശ്രീപ്രിയയെ കണ്ടില്ല. തിരികെ പോകാൻ ഒരുങ്ങുമ്പോൾ ഹോട്ടലിൽ ശ്രീപ്രിയയെ കണ്ടു. തുടർന്ന് ഇവരോട് കാര്യങ്ങൾ ചോദിച്ചപ്പോൾ ആദ്യമൊന്നും തുറന്നുപറയാൻ കൂട്ടാക്കിയില്ലെന്ന് വിജയ പറയുന്നു.
ശ്രീപ്രിയയെ മുറിയിൽ പൂട്ടിയിട്ട ശേഷം കാമുകനും അച്ഛനും ചേർന്ന് കുട്ടിയെ അടിച്ചു കൊലപ്പെടുത്തിയെന്നാണ് ശ്രീപ്രിയ മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് കുട്ടിയുടെ മൃതദേഹം തൃശ്ശൂരിലേക്ക് പോകുന്ന ട്രെയിൻ കയറിയ ശേഷം ഉപേക്ഷിച്ചുവെന്നാണ് മൊഴി നൽകിയിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.