പഴയ ചാറ്റുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം! വാട്സ്ആപ്പിൽ കിടിലൻ ഫീച്ചർ എത്തി


ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് ആപ്പ് വാട്സ്ആപ്പ്. ആപ്പിന്റെ പ്രവർത്തനത്തെ കൂടുതൽ ജനപ്രിയമാക്കി തീർക്കാൻ ഇതിനോടകം നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ നേരിട്ടിരുന്ന വലിയൊരു പ്രശ്നത്തിനാണ് വാട്സ്ആപ്പ് ഇക്കുറി പരിഹാരം കണ്ടിരിക്കുന്നത്. പഴയ ചാറ്റുകൾ തിരയുന്നതിനായി പിറകിലോട്ട് സ്ക്രോൾ ചെയ്യുന്ന സംവിധാനത്തിന് വിരാമമിട്ടാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്.

ഡേറ്റ് ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഇവ ഒരുപോലെ പ്രവർത്തിക്കും. ഐഒഎസ്, ആൻഡ്രോയിഡ് എന്നീ ഫ്ലാറ്റ്ഫോമുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. ചാറ്റിൽ ക്ലിക്ക് ചെയ്തശേഷം മുകളിലുള്ള കോൺടാക്ട്, ഗ്രൂപ്പ് നെയിം എന്നിവ ടാപ്പ് ചെയ്ത് സെർച്ചിൽ ക്ലിക്ക് ചെയ്താണ് ഈ ഫീച്ചർ ഉപയോഗിക്കേണ്ടത്. തുടർന്ന് ഡേറ്റ് തിരഞ്ഞെടുത്ത് മുന്നോട്ട് പോകാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. പുതിയ ഫീച്ചർ എത്തിയതോടെ, ഉപഭോക്താക്കളുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് വാട്സ്ആപ്പ് പരിഹാരം കണ്ടിരിക്കുന്നത്.