നടപടി കടുപ്പിച്ച് ഗൂഗിൾ, 10 ജനപ്രിയ ഇന്ത്യൻ മാട്രിമോണി ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു


ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 10 ജനപ്രിയ മാട്രിമോണി ആപ്പുകൾ നീക്കം ചെയ്തു. സർവീസ് ഫീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആപ്പുകൾ നീക്കം ചെയ്തിരിക്കുന്നത്. മാട്രിമോണി.കോമിന്റെ ആപ്പുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്ലിം മാട്രിമോണി, ജോഡി തുടങ്ങിയ പത്തോളം ആപ്പുകളാണ് നീക്കം ചെയ്യപ്പെട്ടത്. സൗജന്യ വിതരണം, സൗജന്യ വിതരണം ഡെവലപ്പർ ടൂളുകൾ, സേവനങ്ങൾ എന്നിവ ഉൾപ്പെടെ ആൻഡ്രോയിഡ് ഒഎസിലേക്കും, ആപ്പ്സ്റ്റോറിലേക്കും ഉള്ള നിക്ഷേപങ്ങൾക്ക് വേണ്ടിയാണ് ഗൂഗിൾ ഫീസ് ഈടാക്കുന്നത്.

മൊബൈൽ ആപ്പുകൾക്കുള്ളിൽ നടക്കുന്ന പണമിടപാടുകളിൽ 15 ശതമാനം മുതൽ 30 ശതമാനം വരെ ഫീസ് ഈടാക്കുന്ന പഴയ രീതി നിർത്തലാക്കാൻ അധികൃതർ ഇതിനോടകം ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷവും ഗൂഗിൾ 11 ശതമാനം മുതൽ 26 ശതമാനം വരെയാണ് ഫീസ് ഇനത്തിൽ ഈടാക്കുന്നത്. ഇത് തടയാൻ കമ്പനികൾ ശ്രമിച്ചതോടെയാണ് തർക്കങ്ങളിലേക്ക് വഴി മാറിയത്. അതേസമയം, സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഫീസുകളിൽ ഇളവ് നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിൽ ഗൂഗിളിന് അനുകൂല നിലപാട് ലഭിച്ച സാഹചര്യത്തിലാണ് ആപ്പുകൾക്കെതിരെ കമ്പനി നടപടി സ്വീകരിച്ചത്.