കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കാനെത്തുന്ന പർവ്വതാരോഹകർക്ക് പുതിയ നിബന്ധനയുമായി നേപ്പാൾ. 2024ലെ പർവ്വതാരോഹക സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായാണ് നേപ്പാളിന്റെ നടപടി. എവറസ്റ്റ് കീഴടക്കാനെത്തുന്ന പർവ്വതാരോഹകർ ട്രാക്കിംഗ് ചിപ്പുകൾ ഉപയോഗിക്കണമെന്നാണ് പുതിയ നിബന്ധന.
ചില സ്വകാര്യ കമ്പനികൾ മുഖേന എത്തുന്ന പർവ്വതാരോഹകർ നിലവിൽ ട്രാക്കിംഗ് ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇനി മുതൽ എല്ലാ പർവ്വതാരോഹകരും ഇത് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. നേപ്പാൾ വിനോദ സഞ്ചാര ഡയറക്ടർ രാകേഷ് ഗുരുങ് ആണ് ഇക്കാര്യം അറിയിച്ചത്. പർവ്വതാരോഹകർക്ക് അപകടമുണ്ടാവുകയോ വഴി തെറ്റുകയോ ചെയ്താൽ ഇത്തരം ചിപ്പുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം സുഗമമാക്കാന് വേണ്ടിയാണ് പുതിയ നിബന്ധന ഏർപ്പെടുത്തിയത്.
ചിപ്പുകൾ വാടകയ്ക്ക് ലഭ്യമാകും. 10-15 ഡോളറിന് ചിപ്പ് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഇത് ജാക്കറ്റിനോട് ചേർത്ത് തുന്നിച്ചേർക്കും. സഞ്ചാരി തിരികെ എത്തുമ്പോൾ ചിപ്പ് തിരികെ സർക്കാരിന് നൽകും. ചിപ്പിന്റെ പ്രവർത്തനം ജിപിഎസ് ഉപയോഗിച്ചാവും. യൂറോപ്യൻ രാജ്യത്ത് നിർമ്മിതമായ ചിപ്പുകളാണ് പർവ്വതാരോഹകർക്കായി ലഭ്യമാക്കിയിരിക്കുന്നതെന്നും രാകേഷ് ഗുരുങ് പറഞ്ഞു.