പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി ടാറ്റ ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ ടാറ്റ സൺസ്. 5 ശതമാനം ഓഹരികൾ പ്രാരംഭ ഓഹരി വിൽപ്പന വഴി വിറ്റഴിക്കാനാണ് തീരുമാനം. ഏകദേശം 11 ലക്ഷം കോടി രൂപയാണ് ഓഹരിയുടെ മൂല്യം കണക്കാക്കുന്നത്. ഓഹരി വിൽപ്പന വഴി 55,000 കോടി രൂപ സമാഹരിക്കാനാണ് ടാറ്റ സൺസിന്റെ ലക്ഷ്യം. റിസർവ് ബാങ്കിന്റെ എൻബിഎഫ്സികളുടെ അപ്പർ ലെയർ പട്ടികയിലാണ് ടാറ്റ സൺസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. അപ്പർ ലെയറിൽ ഉൾപ്പെടുന്ന കമ്പനികൾ മൂന്ന് വർഷത്തിനുള്ളിൽ നിർബന്ധമായും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കണം. ഇതിനെ തുടർന്നാണ് ടാറ്റ സൺസിന്റെ തീരുമാനം.
2025 സെപ്റ്റംബറിനകം ഐപിഒ നടത്തുന്നതാണ്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒകളിൽ ഒന്നായിരിക്കും ടാറ്റ സൺസിന്റേത്. അതേസമയം, ടാറ്റ ഗ്രൂപ്പിൽ നിന്ന് നാല് കമ്പനികൾ കൂടി ഐപിഒയിലേക്ക് വരാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. പ്രമുഖ ബാറ്ററി സ്റ്റോറേജ് സ്ഥാപനമായ ടാറ്റ ഓട്ടോ കോമ്പ്, ഓൺലൈൻ പലചരക്ക് പ്ലാറ്റ്ഫോമായ ബിഗ്ബാസ്ക്കറ്റ്, എയ്റോസ്പേസ് മേഖലയിലുള്ള ടാറ്റ അഡ്വാൻസ് സിസ്റ്റംസ്, സാറ്റലൈറ്റ് ടിവി വിതരണ സ്ഥാപനമായ ടാറ്റാ പ്ലേ എന്നിവയാണ് ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.