കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടാൻ ഒരുങ്ങി കുടുംബം. അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്നും സിദ്ധാർത്ഥന്റെ അച്ഛൻ പറഞ്ഞു. പ്രതികൾ ഓരോ കള്ളങ്ങൾ പറയുകയാണ്. ആദ്യം സിദ്ധാർഥൻ പാർട്ടിക്കാരനെന്ന് പറഞ്ഞു. പിന്നീട് കള്ളക്കേസിൽ കുടുക്കാൻ നോക്കി. കേസ് അട്ടിമറിക്കുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. കുറ്റം ചെയ്തവർ ഭാരവാഹികളാണെന്നും സിദ്ധാർത്ഥന്റെ അച്ഛൻ പറഞ്ഞു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയിലായി. പ്രധാന പ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. സംഭവം നടന്ന് പതിനൊന്ന് ദിവസത്തോളം ഒളിവിലായിരുന്ന ഏഴു പേരെകൂടിയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ആറു പ്രതികളെ നാളെ വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ വിദ്യാര്‍ത്ഥികളെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഭവത്തില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും. സര്‍വകലാശാലയ്ക്ക് മുന്‍പില്‍ കെഎസ്‌യുവിന്റ നിരാഹരസമരം നടക്കും.
ഇതിനിടെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിചിത്ര വാദങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതികള്‍. ആളുമാറിയാണ് സിദ്ധാര്‍ത്ഥനെ കോളേജിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പ്രതികൾ പറയുന്നത്. ക്ലാസിലെ മറ്റൊരു സിദ്ധാര്‍ത്ഥനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറിയതാണെന്നും അന്വേഷണ സംഘത്തോട് പ്രതികളിലൊരാള്‍ പറഞ്ഞു.