സർവാഭീഷ്ട സിദ്ധിക്കും തടസ്സങ്ങൾ മാറാനും ഈ മന്ത്രം ജപിക്കാം  



നമ്മള്‍ ഏതൊരു കാര്യത്തിനൊരുങ്ങിയാലും ആദ്യം വിഘ്‌ന വിനാശകനായ ഗണപതി പ്രീതി വരുത്താറുണ്ട്. എന്നാലേ ആ കാര്യം വിജയപ്രദമാകൂ എന്നാണ് വിശ്വാസം. അത് ശരിയുമാണ്. ഗണേശമന്ത്രങ്ങളും നാമങ്ങളും ജപിക്കുന്നതും ഉത്തമമാണ്. ഗണേശപൂജയ്ക്ക്, ഉണ്ടാക്കുന്നതോ, വാങ്ങിക്കുന്നതോ ആയ വിഗ്രഹങ്ങള്‍ ലക്ഷണമുള്ളതായിരിക്കണം; ജീവനുറ്റതായിരിക്കണം.ഗണേശ വിഗ്രഹങ്ങളുടെ മുമ്പില്‍ പ്രസാദം (തേങ്ങ, അട, മോദകം, ഉണ്ണിയപ്പം, പഴങ്ങള്‍ എന്നിവ അവല്‍ മലരിനോടൊപ്പം ചേര്‍ത്ത പ്രസാദം) സമര്‍പ്പിച്ച്‌ കറുകപ്പുല്ല്, മുക്കുറ്റി, ചുവന്ന പുഷ്പങ്ങള്‍ എന്നിവ മന്ത്രം ചൊല്ലി അര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കാവുന്നതാണ്.

പൂജാ ഹോമങ്ങള്‍ അറിയാവുന്നവര്‍ക്ക് പൂജ ചെയ്ത് മന്ത്രങ്ങളാല്‍ അര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കാം.പൂജയ്ക്കായാലും, അര്‍ച്ചനയ്ക്കായാലും അര്‍പ്പണ മനോഭാവത്തോടെ പൂജ ചെയ്ത് മന്ത്രാര്‍ച്ചന, നടത്തിയാല്‍ ഫലം ഇരട്ടിയാകും. ഇടയ്ക്ക് വര്‍ത്തമാനം പറയാനോ, എഴുന്നേല്‍ക്കാനോ പാടില്ല. പൂജ ചെയ്ത വിഗ്രഹം വിനായക ചതുര്‍ത്ഥിയുടെ അന്നത്തെ ആഘോഷത്തോടെ ജലാശയത്തില്‍ ഒഴുക്കിവിടണം. ഗണേശ ചതുര്‍ത്ഥിക്ക് വ്രതം എടുക്കുന്നതും നല്ലതാണ്. ഏത് കാര്യത്തിനൊരുങ്ങിയാലും തടസ്സങ്ങള്‍, മറവി, ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വ്രതത്തോടെ മന്ത്രങ്ങളും നാമങ്ങളും ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ഗണേശാനുഗ്രഹം ഉണ്ടാകും.

ഗണേശാഷ്‌ടോത്തരം, ഗണേശ സഹസ്രനാമം എന്നിവ വ്രതത്തോടെ ജപിച്ചു പ്രാര്‍ത്ഥിച്ചാല്‍ വിദ്യയില്‍ എത്ര മോശമായ കുട്ടികളും മിടുക്കരായിത്തീരും. മാത്രമല്ല ഗണേശ ചതുര്‍ത്ഥി ദിവസം ചെയ്യുന്ന പൂജ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും ഇല്ലാതാക്കാനും അഭീഷ്ടസിദ്ധിക്കും ഫലപ്രദം. വിനായക ചതുര്‍ത്ഥിക്ക് ക്ഷേത്ര ദര്‍ശനം നടത്തിയാലും സര്‍വ്വ ദോഷങ്ങളും ഹനിക്കപ്പെടും. ബുദ്ധിയുടെയും ശക്തിയുടെയും ദേവനാണ് ഗണപതി. അതിനാല്‍ എല്ലാ വിദ്യയുടെയും അറിവിന്റെയും അടിത്തറയായി ഗണേശനെ ആരാധിക്കാം.  ഉന്നത വിദ്യാഭ്യാസത്തിന് കാത്തിരിക്കുന്ന കുട്ടികള്‍ ഗണേശപൂജ നടത്തിയോ, നടത്തിച്ചോ, ഗണപതി മന്ത്രങ്ങള്‍ ജപിച്ചാല്‍ ഉദ്ദേശിച്ച ഫലപ്രാപ്തിയുണ്ടാകും.

അതും പ്രത്യേകിച്ച്‌ വെളുപ്പിന് എഴുന്നേറ്റ് കുളിച്ച്‌ മന്ത്രജപം നടത്തിയാല്‍ ക്ഷിപ്രസ്രാദിയായ ഭഗവാന്‍ പെട്ടെന്ന് പ്രസാദിക്കും. ബുദ്ധികാരകനായ ഗണപതിയുടെ മന്ത്രങ്ങള്‍ എല്ലാ ചതുര്‍ത്ഥി ദിവസവും (എല്ലാ മാസത്തിലെയും ചതുര്‍ത്ഥി ദിവസം) 108 പ്രാവശ്യം ജപിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഇഷ്ടസിദ്ധിയാണ് ഫലം. ‘ഓം ഗം ഗണപതയെ നമഃ’ ഇതാണ് മൂലമന്ത്രം. ഓം ഗം നമഃ ബീജഗണപതിമന്ത്രം അഭീഷ്ടസിദ്ധി മന്ത്രമാണ്. ”ഓം ശ്രീം ക്ലീം ഗ്ലൗം ഗം ഗണപതയെ വരവരദ സര്‍വ്വ ജനം മേ വശമാനായ സ്വാഹഃ” ഈ അത്ഭുത ശക്തിയുള്ള മന്ത്രം നിത്യേന രാവിലെ 108 പ്രാവശ്യം ജപിച്ചാല്‍ ധനലാഭം, വശ്യശക്തി എന്നിവയും ഉന്നത വിദ്യാഭ്യാസവും തൊഴിലും ലഭിക്കും.