തേർഡ് പാർട്ടി ആപ്പുകളിലേക്കും സന്ദേശം അയക്കാം! പുതിയ ഫീച്ചർ ഉടനെന്ന് വാട്സ്ആപ്പ്


ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും വ്യത്യസ്ത ഫീച്ചറുകൾ ഉൾക്കൊള്ളിക്കുന്നതിനാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ജനപ്രീതി നേടിയെടുക്കാൻ വാട്സ്ആപ്പിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തേർഡ് പാർട്ടി ആപ്പുകളിലേക്ക് സന്ദേശം അയക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ‘ഇന്റർഓപ്പറബിലിറ്റി ഫീച്ചർ’ ഉപയോഗപ്പെടുത്തി സിഗ്നൽ അല്ലെങ്കിൽ ടെലഗ്രാം പോലെയുള്ള ആപ്പുകളിലേക്ക് സന്ദേശങ്ങൾ അയക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ.

വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് തേർഡ് പാര്‍ട്ടി ചാറ്റ്സ് ഒരു പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. നിലവില്‍, വാട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ ഫീച്ചര്‍ 2.24.5.18-ല്‍ ലഭ്യമാണ്. പുറത്തുവന്ന സ്‌ക്രീന്‍ഷോട്ട് പ്രകാരം ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ ഒരു ഓപ്റ്റ്-ഇന്‍ ഫീച്ചറായിരിക്കുമെന്നാണ് വിലയിരുത്തൽ. തേർഡ് പാർട്ടി ആപ്പുകളുമായി കണക്ട് ചെയ്യുന്നതിനാൽ ഉപഭോക്താക്കൾ പുതിയ അപ്ഡേറ്റ് ഉപയോഗിക്കുന്നതിന് സ്വമേധയാ ഫീച്ചർ പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. പ്രത്യേക ടേംസ് ആൻഡ് കണ്ടീഷൻസ് പാലിച്ചാൽ മാത്രമേ പുതിയ ഫീച്ചർ ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ.