‘എല്ലാവരും എന്നെ തിരഞ്ഞ് നടക്കുമ്പോൾ രാത്രി മുഴുവൻ ഞാൻ 50 അടി താഴ്ചയുള്ള കിണറ്റില്‍, ആരുമറിഞ്ഞില്ല’: ഞെട്ടലിൽ എലിസബത്ത്


പത്തനംതിട്ട: കാട്ടുപന്നി ആക്രമിക്കാൻ വന്നപ്പോൾ ജീവൻ രക്ഷിക്കാൻ ഓടുന്നതിനിടെ കിണറ്റിൽ വീണതിന്‍റെ നടുക്കം മാറാതെ എലിസബത്ത്. എലിസബത്ത് കിണറ്റിൽ വീണത് ആരും കണ്ടില്ല. ഒരു രാത്രി മുഴുവൻ ഇവർ കഴിഞ്ഞത് 50 അടി താഴ്ചയുള്ള കിണറ്റിലാണ്. വീട്ടുകാരും നാട്ടുകാരും തിരഞ്ഞുനടക്കുമ്പോള്‍ രാത്രി മുഴുവന്‍ അടുത്ത പുരയിടത്തിലെ 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണുകിടക്കുകയായിരുന്നു എലിസബത്ത്. പത്തനംതിട്ട അടൂർ വയല പരുത്തിപ്പാറയിലാണ് സംഭവം.

‘കാട്ടുപന്നിയെ കണ്ട് ഞാൻ മാറിനിന്നു. എന്നിട്ടും അതെന്നെ ഉപദ്രവിക്കാനായി വന്നു. ഞാൻ കിണറിന്‍റെ തിട്ടയിൽ കയറിനിന്നു. വീണ്ടും അത് എന്നെ കുത്താൻ വന്നു. കിണറിന്‍റെ മുകളിൽ കുറേ പലകകൾ ഇട്ടിരുന്നു.അതിൽ ചവിട്ടിയപ്പോൾ താഴോട്ട് പോയി. ആരും ഞാൻ വീണത് കണ്ടില്ല. വീട്ടുകാരൊക്കെ എന്നെ നോക്കിനടക്കുകയായിരുന്നു. രാത്രി മുഴുവനും പിറ്റേദിവസം നാല് മണി വരെയും ഞാൻ കിണറ്റില്‍ വീണുകിടന്നു‌. അടുത്ത് കിണറുകളുണ്ടെങ്കിൽ നോക്കണമെന്ന് പൊലീസുകാർ പറഞ്ഞതോടെയാണ് കിണറുകള്‍ കേന്ദ്രീകരിച്ച് നാട്ടുകാർ തിരച്ചിൽ തുടങ്ങിയത്. ഞാൻ കിണറ്റിൽ കിടന്ന് ആള്‍ക്കാരെ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. വിളി കേട്ട് ഞങ്ങളുടെ മെമ്പർ വന്ന് നോക്കി. ഒരാളെങ്കിലും കണ്ടല്ലോ എന്നെനിക്ക് സമാധാനമായി. ഫയർ ഫോഴ്സ് വന്ന് രക്ഷിച്ചു’, എലിസബത്ത് പറഞ്ഞു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് എലിസബത്തിനെ കാണാതായത്. എലിസബത്ത് കാട്ടുപന്നിയെ കണ്ട് ഭയന്നോടിയതും കിണറ്റിൽ വീണതുമൊന്നും വീട്ടുകാർ അറിഞ്ഞിരുന്നില്ല. എലിസബത്ത് എവിടെ എന്ന് ഒരു രാത്രി കഴിഞ്ഞിട്ടും കണ്ടെത്താൻ വീട്ടുകാർക്കായില്ല. അപ്പോഴാണ് കിണറുകള്‍ പരിശോധിക്കാൻ പൊലീസ് പറഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അടുത്ത പുരയിടത്തിലെ കിണറ്റിൽ നിന്നും കരച്ചിൽ കേട്ടതും എലിസബത്തിനെ കണ്ടെത്തിയതും.