ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കൊൽക്കത്ത, രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ഇന്ന് നാടിന് സമർപ്പിക്കും
കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ഇന്ന് നാടിന് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിക്കുക. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ-എക്സ്പ്ലാനോട് സെക്ഷനാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടെ, ചരിത്ര നിമിഷത്തിനാണ് കൊൽക്കത്ത ഇന്ന് സാക്ഷ്യം വഹിക്കുക. ഹൂഗ്ലി നദിയിലാണ് 16.6 കിലോമീറ്റർ ദൂരം വരുന്ന മെട്രോ ടണൽ നിർമ്മിച്ചിട്ടുള്ളത്.
അണ്ടർ ഗ്രൗണ്ടിൽ ഉള്ള മൂന്നെണ്ണം അടക്കം 6 സ്റ്റേഷനുകളാണ് പാതയിൽ ഉണ്ടാവുക. 10.8 കിലോമീറ്റർ ദൂരവും വെള്ളത്തിനടിയിലാണ്. ഹൗറാ മൈതാന്‍, ഹൗറ സ്റ്റേഷൻ, ബിബിഡി ബാഗ് എന്നിവയാണ് ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ഗ്രീൻ ലൈനിലെ മൂന്ന് സ്റ്റേഷനുകൾ. കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് അണ്ടർ വാട്ടർ മെട്രോ നിർമ്മിച്ചത്.
സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന മെട്രോ സ്റ്റേഷനാണ് ഹൗറ. ഹൗറ മൈതാനത്തെ രാജർഹട്ടുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈസ്റ്റ്- വെസ്റ്റ് മെട്രോ പദ്ധതിയുടെ ഭാഗമാണിത്. ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡിൽ മെട്രോ പിന്നിടും. 2023 ഏപ്രിലിൽ രാജ്യത്ത് ആദ്യമായി ഹൂഗ്ലി നദിക്ക് താഴെയുള്ള തുരങ്കത്തിലൂടെ കടന്ന് കൊൽക്കത്ത മെട്രോ ചരിത്രം സൃഷ്ടിച്ചിരുന്നു.