ലൈംഗികാതിക്രമ- ഭൂമി തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഷെയ്ഖ് ഷാജഹാനെ ഒടുവില്‍ ബംഗാള്‍ പോലീസ് സിബിഐക്ക് കൈമാറി


കൊല്‍ക്കത്ത: ലൈംഗികാതിക്രമ- ഭൂമി തട്ടിപ്പ് കേസുകളില്‍ പ്രതിയായ സന്ദേശ്ഖലിയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ഒടുവില്‍ ബംഗാള്‍ പോലീസ് സി.ബി.ഐക്ക് കൈമാറി.

രണ്ട് ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് ഷാജഹാനെ സിബിഐ കസ്റ്റഡിയിലേക്ക് കൈമാറിയത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സുപ്രീം കോടതിയുടെ തീരുമാനം വരട്ടെ എന്ന നിലപാടിലായിരുന്നു ഇതുവരെ ബംഗാള്‍ പോലീസ്. എന്നാല്‍ ഹൈക്കോടതി നിലപാട് കടുപ്പിക്കുകയും കോടതിയലക്ഷ്യത്തിന് ബംഗാള്‍ സി.ഐ.ഡിക്ക് നോട്ടീസ് അയക്കുകയും ചെയ്തതോടെയാണ് പോലീസ് ഷെയ്ഖ് ഷാജഹാനെ കൈമാറിയത്.

ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാനായി കല്‍ക്കട്ട ഹൈക്കോടതി രണ്ടാമത് നല്‍കിയ സമയം ബുധനാഴ്ച വൈകീട്ട് 04:15-ന് അവസാനിച്ചിരുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ ഇന്നും ബംഗാള്‍ പോലീസ് ആസ്ഥാനത്തെത്തിയെങ്കിലും ഷാജഹാനെ കൈമാറാന്‍ പോലീസ് തയ്യാറായില്ല.

ചൊവ്വാഴ്ച വൈകീട്ട് നാലരയ്ക്ക് ഷെയ്ഖ് ഷാജഹാനെ കൈമാറണമെന്നായിരുന്നു ഹൈക്കോടതി പോലീസിനോട് ആദ്യം നിര്‍ദേശിച്ചത്. പോലീസ് ഇത് അവഗണിക്കുകയായിരുന്നു. അന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പോലീസ് ആസ്ഥാനത്തെത്തി ഏറെ നേരം കാത്തിരുന്നെങ്കിലും ഒരു നടപടിയുമുണ്ടാകാത്തതിനെ തുടര്‍ന്ന് തിരിച്ചു പോകുകയായിരുന്നു.

തുടര്‍ന്നാണ് ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് (സി.ഐ.ഡി) ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചത്. ഷാജഹാനെ ബുധനാഴ്ച വൈകീട്ട് 04:15-നകം സി.ബി.ഐക്ക് കൈമാറണമെന്നും ജസ്റ്റിസ് ഹരീഷ് ടണ്ഡന്‍, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. എന്നാല്‍ ഇതും പോലീസ് അവഗണിക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മമത സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ അപ്പീലില്‍ വിധി വന്ന ശേഷം ഷെയ്ഖ് ഷാജഹാനെ കൈമാറുന്ന കാര്യം പരിഗണിക്കാം എന്നായിരുന്നു പോലീസിന്റെ നിലപാട്.