ടിഎൻ പ്രതാപൻ തോൽക്കുമെന്ന് പാർട്ടിക്കുള്ളിൽ തന്നെ ഭയം, വീഡിയോ പ്രചരിക്കുന്നു, സുരേഷ്‌ഗോപിയെ നേരിടാൻ കെ മുരളീധരൻ തൃശൂരിൽ


ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകൾ പദ്മജ വേണുഗോപാലിന്‍റെ ബി ജെ പി പ്രവേശത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ വമ്പൻ സർപ്രൈസ് ആണ് വരുന്നത്. കരുണാകരന്‍റെ മകനും വടകരയിലെ സിറ്റിംഗ് എം പിയുമായ കെ മുരളീധരനെ തൃശൂരിൽ ഇറക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം. ടി എൻ പ്രതാപനെതിരെ പാർട്ടിയിൽ തന്നെ അസംതൃപ്തി പുകയുകയാണ്.

എംപി ആയ ശേഷം മണ്ഡലത്തിൽ കാര്യമായ ഒന്നും ചെയ്തിട്ടില്ലെന്നതാണ് പ്രതാപനെതിരെയുള്ള ആരോപണം. ഇത് സംബന്ധിച്ചുള്ള തർക്കം പാർട്ടിയിൽ തന്നെ ഉണ്ടായിരുന്നെന്നത് വെളിവാക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്ത് പറഞ്ഞാണ് പ്രതാപന് വോട്ട് പിടിക്കുന്നതെന്നാണ് ഈ യോഗത്തിൽ പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്ന ചോദ്യം.

പദ്മജ ബി ജെ പിയിലേക്ക് പോയ സാഹചര്യത്തിൽ കരുണാകരന്‍റെ തട്ടകമായ തൃശൂർ പിടിക്കാൻ മുരളീധരൻ ഇറങ്ങണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. അതുകൊണ്ടുതന്നെ കെ മുരളീധരനാകും തൃശൂരിലെ കോൺഗ്രസിന്‍റെ സർപ്രൈസ് സ്ഥാനാർഥി. വടകരയിൽ ഷാഫി പറമ്പിൽ എം എൽ എയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്. ഷാഫി അല്ലെങ്കിൽ ടി സിദ്ദിഖിനെയും കളത്തിലിറക്കാൻ ആലോചനയുണ്ട്.  സിറ്റിംഗ് എം പിയായ ടി എൻ പ്രതാപന് നിയമസഭ സീറ്റ് എന്ന ഫോർമുലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

മുരളിയുടെ സീറ്റ് മാറ്റം മുന്നോട്ട് വെച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. സർപ്രൈസ് ലിസ്റ്റ് ഇറക്കാതെ ഇനി മുന്നോട് പോകാൻ ആകില്ലെന്ന നിലയിലേക്ക് ചർച്ചകൾ എത്തിയെന്നാണ് വ്യക്തമാകുന്നത്. ബി ജെ പി പ്രതീക്ഷ വെക്കുന്ന സീറ്റിൽ മുരളി വരട്ടെ എന്ന ചർച്ചയാണ് തൃശൂരിലേക്കുള്ള മാറ്റത്തിന്‍റെ കാരണം.

നേതാക്കൾ മുരളിയും പ്രതാപനുമായി സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം നാളെയുണ്ടാകും.
രാഹുൽ ഗാന്ധി തന്നെയാകും വയനാട്ടിലെ സ്ഥാനാർഥി. കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാനും തീരുമാനമായിട്ടുണ്ട്. കണ്ണൂരിൽ സിറ്റിംഗ് എം പിയും കെ പി സി സി അധ്യക്ഷനുമായ കെ സുധാകരൻ വീണ്ടും മത്സരിക്കാനും തീരുമാനമായിട്ടുണ്ട്. ബാക്കി മുഴുവൻ മണ്ഡലങ്ങളിലും സിറ്റിംഗ് എം പിമാർ മത്സരിക്കാനും തീരുമാനമായിട്ടുണ്ട്.